കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസ്; മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും മാറ്റി

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം ബ്യറോ ചീഫ് കെ എം ബഷീറിനെ അമിതവേഗത്തിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും മാറ്റി. നേരത്തേ മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിന് പകരം അന്വേഷണ സംഘത്തിലെ എസ് പി എ ഷാനവാസിനാണ് ഇനി മുഖ്യ അന്വേഷണ ചുമതല.

പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് എന്നത് ശ്രദ്ധേയമാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായ വേളയിലാണ് ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥനിൽ നിന്നും ചുമതല എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. രണ്ട് ദിവസം മുമ്പാണ് ചുമതല മാറ്റം സംബന്ധിച്ചുള്ള നിർദ്ദേശം പോലീസ് തലപ്പത്ത് നിന്നുമിറങ്ങിയത്. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിൽ ഡി വൈ എസ് പി ഷീൻ തറയിൽ തുടരും. ക്രമസമാധാനപാലനചുമതലയുള്ള എ ഡി ജി പി ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബാണ് അന്വേഷണത്തിന്റെ മേൽനോട്ടം.

ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശ്രീറാം വെങ്കിട്ടരാമന് നൽകിയ ചികിത്സയിൽ കേസ് ഷീറ്റടക്കമുളള രേഖകൾ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. അപകടത്തിനു ശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാം വെങ്കിട്ടരാമന് നിസാര പരുക്കുകൾ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ഡോക്ടർമാർ മൊഴി നൽകിയിരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം മെഡിക്കൽ കോളജിൽ നിന്നും വിശദമായ രേഖകളടക്കമുള്ള വിശദാംശങ്ങൾ തേടുന്നത്. മെഡിക്കൽ കോളജിലെ ട്രോമാ കെയറിലടക്കം ശ്രീറാമിന് നൽകിയ മുഴുവൻ ചികിത്സകളുടെയും രേഖകൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ആശുപത്രി മേധാവികൾക്ക് പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്. കേസ് ഡയറി സമർപ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടർമാർ നിർദേശിച്ച ചികിത്സകളും എക്സ്രേ, സ്‌കാൻ റിപ്പോർട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്ര അന്വേഷണ റിപ്പോർട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലെ സെല്ലിലേക്ക് കൊണ്ടു വന്നെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു കാട്ടി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളജിലെ ജയിൽ സെല്ലിൽ പ്രവേശിപ്പിക്കാതെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ട്രോമാ കെയർ വിഭാഗത്തിലാണ് വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചത്. എന്നാൽ ഇതെല്ലാം ചോദ്യം ചെയ്താണ് കിംസ് ആശുപത്രിയിലെ ഡോക്ടർമാർ ശ്രീറാം വെങ്കിട്ടരാമന് നിസാരപരുക്കുകൾക്ക് മാത്രമേ ഉണ്ടായിരുന്നുവെന്ന മൊഴി നൽകിയത്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം മെഡിക്കൽ കോളജിൽ നൽകിയ ചികിത്സാ രേഖകൾ വിശദമായി പരിശോധിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *