ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും വഫയുടെ മൊഴി; രക്തപരിശോധനയിൽ രക്ഷപ്പെട്ടെങ്കിലും കുരുക്ക് മുറുകുന്നു
ശ്രീറാം വെങ്കിട്ടരാമന് കുരുക്കായി അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ രഹസ്യമൊഴി. അപകടസമയത്ത് കാറോടിച്ചത് ശ്രീറാമാണെന്നും ശ്രീറാം മദ്യപിച്ചിരുന്നതായും മൊഴിയിലുണ്ട്. കാർ അമിത വേഗതയിലായിരുന്നു. വേഗത കുറക്കാൻ പറഞ്ഞെങ്കിലും ശ്രീറാം അനുസരിച്ചില്ല.
ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് കാറും ബൈക്കും ഒന്നിച്ചാണ് മതിലിൽ ഇടിച്ചു നിന്നത്. ഡോർ വലിച്ചു തുറന്ന് ശ്രീറാമാണ് ബൈക്ക് യാത്രക്കാരനെ റോഡിലേക്ക് കിടത്തിയത്. തന്നോട് വീട്ടിൽ പോയ്ക്കോളാനും പറഞ്ഞുവെന്നും വഫയുടെ മൊഴിയിലുണ്ട്.
അതേസമയം ശ്രീറാമിന്റെ രക്തപരിശോധന ഫലത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്നാണ് പറയുന്നത്. അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് രക്തപരിശോധന നടത്തിയത്. രക്തപരിശോധനയിൽ രക്ഷപ്പെട്ടെങ്കിലും വഫയുടെ മൊഴി കുരുക്കാകുമെന്നാണ് റിപ്പോർട്ടുകൾ