ചലചിത്ര പുരസ്കാര ദാന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകും; നാളെ ഔദ്യോഗികമായി ക്ഷണിക്കും
സംസ്ഥാന ചലചിത്ര പുരസ്കാര ദാന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി എ കെ ബാലൻ. മോഹൻലാലിനെ നാളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും അദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും മന്ത്രി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമുണ്ടാക്കരുതെന്ന് മന്ത്രി പറഞ്ഞു. പുരസ്കാര ജേതാക്കളായ ഇന്ദ്രൻസും വി സി അഭിലാഷും മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്കാരിക പ്രവർത്തകർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയാണ് മോഹൻലാലിനെ മുഖ്യതിഥിയാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഭീമ ഹർജി നൽകിയതിനെതിരെ എഎംഎംഎ അടക്കമുള്ള സിനിമാ സംഘടനകളും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മോഹൻലാൽ ചടങ്ങിൽ പങ്കെടുക്കണമെന്നായിരുന്നു ഇന്ദ്രൻസും നേരത്തെ പ്രതികരിച്ചത്