അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതി ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റിൽ നിന്നാണ് ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സിന്റെ മൃതദേഹം കണ്ടെത്തിയത്. 30 വയസ്സായിരുന്നു
വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ഡിനുവിനെ കാണാതായത്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ മൂന്ന് ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടതോടെ ആത്മഹത്യകുറിപ്പ് എഴുതിയ ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
അഗ്നിരക്ഷാ സേനയും പോലീസും മീനച്ചിലാറിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഇല്ലിക്കൽ പാലത്തോട് ചേർന്ന് മൃതദേഹം ഇന്ന് രാവിലെ കരയ്ക്കടിയുകായിരുന്നു. മെസ്സിയുടെ കടുത്ത ആരാധകൻ കൂടിയായിരുന്നു ഡിനു. ഇനി തനിക്കൊന്നും ലോകത്ത് കാണാനില്ലെന്ന് ആത്മഹത്യാ കുറിപ്പിൽ ഇയാൾ എഴുതിയിരുന്നു.