ശബരിമലയിലേക്ക് പോകാനെത്തിയ കെ സുരേന്ദ്രനെ നിലയ്ക്കലിൽ പോലീസ് തടഞ്ഞു; കരുതൽ തടങ്കലിൽ എടുത്തു
ബിജെപി നേതാവ് കെ സുരേന്ദ്രനെ പോലീസ് നിലയ്ക്കലിൽ തടഞ്ഞു. സന്നിധാനത്തേക്ക് പോകുന്നതിനായി എത്തിയ സുരേന്ദ്രനെ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇപ്പോൾ സന്നിധാനത്തേക്ക് പോകരുതെന്ന് യതീഷ് ചന്ദ്ര അഭ്യർഥിച്ചെങ്കിലും സുരേന്ദ്രൻ വഴങ്ങില്ലെന്നാണ് പ്രതികരിച്ചത്.
സന്നിധാനത്തേക്ക് പോകുമെന്നും നെയ്യാഭിഷേകം കഴിഞ്ഞേ മടങ്ങുവെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി തവണ യതീഷ് ചന്ദ്ര ഇപ്പോൾ പോകരുതെന്ന് അഭ്യർഥിച്ചെങ്കിലും പോലീസ് സന്നാഹത്തെ തള്ളിമാറ്റി പോകാനായിരുന്നു സുരേന്ദ്രന്റെയും സംഘത്തിന്റെയും ശ്രമം. ഇതോടെ സുരേന്ദ്രനെയും ഒപ്പമുണ്ടായ ഏഴ് പേരെയും പോലീസ് കരുതൽ തടങ്കലിൽ എടുക്കുകയായിരുന്നു. പോലീസ് വെടിവെപ്പുണ്ടായാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ. കെ പി ശശികലയും രാത്രി സന്നിധാനത്തേക്ക് എത്തുമെന്ന് വാർത്തകളുണ്ട്