സ്ത്രീപ്രവേശന വിധിക്കെതിരെ പ്രതിഷേധിച്ചവർ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കേണ്ട; ഉത്തരവുമായി പോലീസ്
ശബരിമല സ്ത്രീ പ്രവേശന ഉത്തരവിനെതിരെ നടന്ന പ്രതിഷേധ പരിപാടികളിൽ സജീവ പങ്കാളികൾ ആയവർക്കും ക്രിമിനൽ കേസ് പ്രതികൾ ആയവരെയും തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുപ്പിക്കില്ലെന്ന് പോലീസ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്. പോലീസിന്റെ ഉത്തരവ് പന്തളം കൊട്ടാരം പ്രതിനിധികൾക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പന്തളം കുടുംബത്തെ പ്രതിനിധീകരിക്കുന്നവർ സജീവമായി പങ്കെടുത്തിരുന്നു. സംഘപരിവാറിന്റെ ശബരിമല കർമസമിതി നടത്തിയ അയ്യപ്പ ജ്യോതിയിലും പന്തളം കുടുംബത്തിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഇതോടെയാണ് ഇവർക്ക് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുന്നത്.
തിരുവാഭരണം വഹിച്ച് ഒരു സംഘം, രാജപ്രതിനിധിയുമായി പല്ലക്ക് വഹിച്ച് മറ്റൊരു സംഘം, ഷോഘയാത്രയെ അനുഗമിക്കുന്നവരുടെ സംഘം എന്നിങ്ങനെ മൂന്ന് സംഘങ്ങളായാണ് ഘോഷയാത്ര നടക്കുക. ഇതിൽ മൂന്നാമത്തെ സംഘത്തിൽ കോടതിവിധിക്കെതിരെ പ്രതിഷേധിച്ചവർ ഉണ്ടാകാൻ പാടില്ലെന്നാണ് പോലീസിന്റെ ഉത്തരവ്.