നവംബർ 16ന് കേരളത്തിലെത്തും, 17ന് മല ചവിട്ടുമെന്ന് തൃപ്തി ദേശായി
ശബരിമല ദർശനത്തിനായി 16ന് കേരളത്തിലെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ആറ് വനിതകൾക്കൊപ്പം ശബരിമലയിൽ എത്തുമെന്നാണ് തൃപ്തി ദേശായി പറഞ്ഞിരിക്കുന്നത്. ഈ മാസം 16ന് കേരളത്തിലെത്തും. 17ന് രാവിലെ ശബരിമലയിലേക്ക് പോകും. സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തൃപ്തി ദേശായി കത്തെഴുതി.
താമസസൗകര്യവും യാത്രാ സൗകര്യവും ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി, കേരളാ പോലീസ് മേധാവി എന്നിവർക്കും തൃപ്തി ദേശായി കത്തയച്ചു. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി പ്രധാനമന്ത്രിയെ സമീപിച്ച സാഹചര്യത്തിൽ കേന്ദ്ര ഇടപെടലുണ്ടാകുമോയെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്
മല ചവിട്ടാതെ തിരിച്ചുപോകില്ലെന്നാണ് ഇവർ പറയുന്നത്. തൃപ്തി ദേശായിയെ തടയാൻ സംഘപരിവാർ ആളുകളെ ഇറക്കുമെന്ന് ഉറപ്പാണ്. ശബരിമല വീണ്ടും സംഘർഷത്തിലേക്ക് പോകുമെന്ന ആശങ്കയിലാണ് സർക്കാർ.