വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജിയിലാണ് വിധി.
കേരളാ പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് ഇതുവരെ നടത്തിയിരിക്കുന്ന അന്വേഷണം തൃപ്തികരമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറി ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് കഴിഞ്ഞാഴ്ച കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹർജി തള്ളിയത്.
പോലീസുകാർ പ്രതിയായ കേസിൽ പോലീസ് തന്നെ അന്വേഷണം നടത്തിയാൽ പക്ഷപാതപരമായിരിക്കുമെന്നായിരുന്നു അഖില ആരോപിച്ചത്. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സമയബന്ധിതമായിട്ടാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി