വനിതാ എംഎൽഎമാരെ തെറിവിളിച്ച് മുങ്ങിയ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറിയെ പോലീസ് പൊക്കി
വനിതാ എംഎൽഎമാർക്കെതിരെ തെറിവിളി പ്രസംഗം നടത്തിയതിനെ തുടർന്ന് പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ ബിജെപിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. വയക്കൽ സോമനാണ് അറസ്റ്റിലായത്. സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസിൽ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ വാഹനം തടയൽ സമരത്തിലാണ് ഇയാൾ തെറിവിളി അഭിഷേകം നടത്തിയത്.
ആയിഷാ പോറ്റി എംഎൽഎക്കും കുടുംബാംഗങ്ങൾക്കുമെതിരെയും പ്രതിഭ, വീണ ജോർജ് എംഎൽഎമാർക്കെതെരിയും ആർ ബാലകൃഷ്ണ പിള്ള, കൊട്ടരക്കര എസ്ഐ, ഉന്നത പോലീസുദ്യോഗസ്ഥർ എന്നിവരെയാണ് ബിജെപിയുടെ ഈ നേതാവ് തെറിവിളിച്ചത്. ഇയാൾക്കെതിരെ ആയിഷാ പോറ്റി എംഎൽഎ നൽകിയ പരാതിയിലാണ് അറസ്റ്റ്.
സോമന്റെ തെറിവിളിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് സോമൻ ഒളിവിൽ പോയത്. ഗൗരവമേറിയ വകുപ്പുകളാണ് സോമന് മേൽ പോലീസ് ചുമത്തിയിരിക്കുന്നത്.