വി ടി ബൽറാമിന് ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ മറുപടി

  • 1.2K
    Shares

സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന ലൈക്കുകളിലും ഷെയറുകളിലും മാത്രം അഭിരമിക്കുന്ന ഒരു പൊതുപ്രവർത്തകനോട് തോന്നാവുന്ന സഹതാപം എപ്പോഴും വി.ടി.ബൽറാമിനോട് തോന്നിയിട്ടുണ്ട്. ജനങ്ങളുടെ ഒപ്പം നിൽക്കാനും അവരോട് യാഥാർത്ഥ്യബോധത്തോടെ സംവദിക്കാനുമുള്ള സോഷ്യൽ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന പൊതുപ്രവർത്തകരോട് രാഷ്ട്രീയ ഭേദമില്ലാതെ ബഹുമാനമുണ്ട്. ഒരു പൊതു പ്രവർത്തകൻ അവൻ ഇടപെടുന്ന സമൂഹത്തിലായാലും രാഷ്ട്രീയ പ്രസ്ഥാനത്തിലായാലും എന്തിനേറെ സോഷ്യൽ മീഡിയ ഇടങ്ങളിലായാലും തന്നെ പിന്തുടരുന്നവരെ യാഥാർത്ഥ്യ ബോധ്യത്തോടെ ചിന്തിക്കാൻ പ്രേരിപ്പിക്കേണ്ടവനാണ്. വി.ടി ബൽറാം ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഇത്തരത്തിൽ യാഥാർത്ഥ്യബോധത്തോടെയുള്ള എന്തെങ്കിലും ഇടപെടൽ നടത്തിയതായി അറിയില്ല. അദ്ദേഹം സോഷ്യൽ മീഡിയയിൽ അവിശ്രമം നടത്തുന്ന ഇടപെടൽ കോൺഗ്രസുകാർക്കെങ്കിലും ഏതുതരത്തിലുള്ള യഥാർത്ഥ്യബോധങ്ങളാണ് പകർന്നു നൽകുന്നതെന്ന് സ്വയം വിലയിരുത്തേണ്ട സമയമായിട്ടുണ്ട്.

കാമ്പയിൻ ക്ലാസ്സിലെ നവാഗതരോട് ഒരു ചരിത്രബോധവുമില്ലാതെ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ്, കുട്ടികൾക്കിടയിൽ നേരത്തെ സ്ഥാനം പിടിച്ച ‘നൂലുണ്ട’മാരെക്കൊണ്ട് കൈയ്യടിപ്പിക്കുന്ന നിരവധി ‘സതീശൻ കഞ്ഞിക്കുഴി’മാരെ നമ്മുടെയെല്ലാം കാമ്പസ് കാലഘട്ടം ഓർമ്മപ്പെടുത്തുന്നുണ്ട്. വി.ടി.ബൽറാമിന്റെ ചില സോഷ്യൽ മീഡിയ ഇടപെടലുകൾ സതീശൻ കഞ്ഞിക്കുഴിമാരെ അനുസ്മരിപ്പിക്കുന്നുണ്ട്.

പറഞ്ഞു വന്നത് അതല്ല. മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിനടിയിൽ കമന്റിട്ട് അതിന് ലൈക്ക് വാങ്ങിക്കൂട്ടിയതിന്റെ രോമാഞ്ചത്തിലാണല്ലോ വി.ടി.ബൽറാം. പ്രതിപക്ഷ നേതാവിന്റെയോ അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏതെങ്കിലും പ്രമുഖ നേതാക്കളുടെയോ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴെ രാഷ്ട്രീയ വിയോജിപ്പോടെ ഒരു ഭരണപക്ഷ എം.എൽ.എ ഒരു കമന്റിട്ടാലും അത് വലിയ രീതിയിൽ ട്രെൻഡിംഗ് ആകും. (ഭരണപക്ഷ എം.എൽ.എമാർ അത്തരം നെഗറ്റീവ് പ്രചരണ തന്ത്രങ്ങൾ പ്രയോഗിക്കാൻ സാധ്യതയില്ല. കാരണം അവർക്ക് പറയാനുള്ള അഭിപ്രായം സ്വന്തം നിലയിൽ/ സ്വന്തം മുഖപുസ്തകത്തിൽ പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സ്‌പെയ്‌സ് ഉണ്ട് ) ഒരു സാധാരണ കമന്റിനേക്കാൾ ഗൗരവത്തോടെ രാഷ്ട്രീയ എതിരാളിയായ ഒരു പ്രമുഖ നേതാവിന്റെ പോസ്റ്റിന് കീഴെ വരുന്ന അത്തരം കമന്റുകൾ രാഷ്ട്രീയമായ വൈര്യനിര്യാതന ബുദ്ധിയോടെ എതിർ അണികൾ ഏറ്റെടുക്കും. വി.ടി.ബൽറാം പ്രയോഗിച്ചത് ഈയൊരു യുക്തിയുടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സാധ്യതകളാണ്. നേരത്തെ മഹാനായ സഖാവ് എ.കെ.ജിയെ ചരിത്രപരമല്ലാതെ വ്യക്തിഹത്യ ചെയ്തപ്പോഴും ബൽറാം പ്രയോഗിച്ചത് ഇത്തരം നെഗറ്റീവ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തന്ത്രമാണ്.

പെരിയയിൽ നടന്നത് ന്യായീകരിക്കാൻ കഴിയാത്ത കൊലപാതകമാണ്. എന്ത്അഭിപ്രായ വ്യത്യാസത്തിന്റെ പേരിലായാലും ഞങ്ങളും നിങ്ങളും ആരും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യരുത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ: കോടിയേരി ബാലകൃഷ്ണൻ പെരിയ കൊലപാതകത്തെ തള്ളി പറഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഏതെങ്കിലും പാർട്ടി പ്രവർത്തകർക്ക് പെരിയ കൊലപാതകത്തിൽ പങ്കുണ്ടെങ്കിൽ അവരെ പാർട്ടിയിൽ വച്ചു പൊറുപ്പിക്കില്ലെന്നും സഖാവ് കോടിയേരി ബാലകൃഷ്ണൻ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവർക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ പരിഗണയും നൽകില്ലെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ധീരവും മാതൃകാപരവുമായ നിലപാടാണ് സഖാവ് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. ഈ നിലപാടിനെ അതേ രാഷ്ട്രീയ ആർജ്ജവത്തോടെ സംസ്ഥാനത്തെ സി.പി.ഐ.എം പ്രവർത്തകരും അണികളും ഏറ്റെടുക്കുമെന്ന് തീർച്ചയാണ്.

കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.ഐ.എം ഇത്തരത്തിൽ നിലപാട് സ്വീകരിക്കുമ്പോഴും സി.പി.എമ്മിനെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളാക്കി അധിക്ഷേപിക്കാനാണ് വി.ടി.ബൽറാമിനെപ്പോലുള്ളവർ ശ്രമിക്കുന്നത്. വി.ടി.ബൽറാമിന്റെ സോഷ്യൽ മീഡിയ കീ ബോർഡ് ഉറങ്ങിപ്പോയ (ഉറക്കം നടിച്ച) ഏതാനും ദിവസങ്ങൾ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിരുന്നു എന്നത് ഓർമ്മപ്പെടുത്തട്ടെ. ഇപ്പോൾ പെരിയ കൊലപാതകത്തിന്റെ പേരിൽ സാംസ്‌കാരിക നായകരെ അടക്കം വിചാരണ ചെയ്യുന്ന വി.ടി ബൽറാം കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ സ്വീകരിച്ച നിലപാടുകളും പ്രതികരണങ്ങളും സ്വയമൊരു വിചാരണയ്ക്ക് വിധേയമാക്കുന്നത് ഉചിതമാകും.

ബൽറാം പൊതുപ്രവർത്തകൻ എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയ കാലം മുതൽ മാത്രം തുടങ്ങാം. 2011 മെയ് 13നാണ് കാസർക്കോട് ബാലനടുക്കം എടോണിയിലെ സി.പി.ഐ.എം പ്രവർത്തകനായ രവീന്ദ്രറാവുവിനെ കോൺഗ്രസ് ക്രിമിനൽ വെടിയുതിർത്ത് കൊല്ലുന്നത്. ബൽറാം എം.എൽ.എയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ട ദിവസമായിരുന്നു ഈ ദാരുണ കൊലപാതകം നടന്നത്. മകൻ സജിനന് പതിനേഴ് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് കൂലിപ്പണിക്കാരനായ രവീന്ദ്രറാവു കൊല്ലപ്പെടുന്നത്. ഈ കൊലപാതകത്തോട് സോഷ്യൽ മീഡിയയിലൂടെ എങ്കിലും എന്ത് പ്രതികരണമാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ ബഹുമാനപ്പെട്ട വി.ടി.ബൽറാം എം.എൽ.എ നടത്തിയത്. രവീന്ദ്രറാവുവിനും ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു, രവീന്ദ്രറാവുവിന്റെ കൊലപാതകത്തോടെ അവർ ആലംബഹീനരും ആയിരുന്നു.

2013 ലെ തിരുവേണ ദിവസമാണ് കാസർക്കോട് മാങ്ങാട്ട് സി.പി.ഐ.എം പ്രവർത്തകൻ എം.ബി.ബാലകൃഷ്ണനെ കോൺഗ്രസുകാർ നിഷ്ഠൂരം കൊലപ്പെടുത്തുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായിരുന്ന ഷിബുവും ഐഎൻടിയുസി ഉദുമ മണ്ഡലം പ്രസിഡന്റായിരുന്ന മജീദും ഉൾപ്പെടെയുള്ളവരായിരുന്നു പ്രതികൾ. കൊലപാതകം കഴിഞ്ഞ് എത്രമത്തെ ദിവസമാണ് പോലീസ് പ്രതികളെ പിടികൂടിയതെന്ന് ബഹുമാനപ്പെട്ട വി.ടി.ബൽറാം എം.എൽ.എ ഒന്നു പഠിച്ചു നോക്കുന്നത് ഉചിതമാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ സഹായത്തോടെ ഒളിവിൽ പോയ ഷിബു നീണ്ടകാലത്തെ ഒളിവ് ജീവിതത്തിനു ശേഷം വാർത്താസമ്മേളനം നടത്തിയാണ് പോലീസിന് കീഴടങ്ങിയത്. ബാലകൃഷ്ണനെ കൊല്ലാൻ കോൺഗ്രസ് നേതൃത്വം ആറുതവണ വിവിധ സ്ഥലങ്ങളിലായി ഗൂഢാലോചന നടത്തിയെന്നാണ് പത്രസമ്മേളനത്തിൽ ഷിബു പറഞ്ഞത്. ഡിസിസി ഭാരവാഹി പറഞ്ഞിട്ടാണ് ഒളിവിൽ പോയതെന്നും ഷിബു വ്യക്തമാക്കി. കൊലക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ എന്ത് തുടർ നടപടിയാണ് സ്വീകരിച്ചത്. ഈ ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിനെതിരെ പ്രതികരിക്കാൻ വി.ടി.ബൽറാം എം.എൽ.എ സ്വന്തം മുഖപുസ്തകം ഉപയോഗിച്ചിരുന്നോ. ബാലകൃഷ്ണന്റെ
ഭാര്യ കെ.അനിതയുടെയും മക്കളായ ആരതിയുടെയും അക്ഷയയുടെയും കണ്ണുനീരിനും പൊള്ളിക്കുന്ന വേദനയുണ്ടായിരുന്നു.

സി.പി.ഐ.എമ്മുകാരായ ഇവരുടെ കൊലപാതകം രാഷ്ട്രീയ എതിരാളിയെന്ന നിലയിൽ ബൽറാമിനെ ബാധിച്ചില്ലായിരിക്കും എന്ന് ആശ്വസിക്കാം. എന്നാൽ 2013 ലും 2015 ലും യു.ഡി.എഫ് ഭരണത്തിലിരിക്കെ കോൺഗ്രസ് ഗ്രൂപ്പുവൈര്യത്തിന്റെ പേരിൽ കൊല്ലപ്പെട്ട കോൺഗ്രസുകാരുടെ നിഷ്ഠൂര കൊലപാതകത്തിൽ ബഹുമാനപ്പെട്ട വി.ടി ബൽറാം എന്ത് നിലപാടാണ് സോഷ്യൽ മീഡിയയിലൂടെ എങ്കിലും സ്വീകരിച്ചത്.

2013 ജൂൺ ഒന്നിനായിരുന്നു ഭാര്യയോടൊപ്പം ക്ഷേത്രദർശനം കഴിഞ്ഞിറങ്ങുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മധു ഈച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. എന്തായിരുന്നു ഈ കൊലപാതകത്തോടുള്ള വി.ടി.ബൽറാമിന്റെ പ്രതികരണം. 2013 ആഗസ്റ്റ് 16ന് തൃശ്ശൂർ അയ്യന്തോളിൽ കോൺഗ്രസ് പ്രവർത്തകൻ ലാൽജി കൊള്ളന്നൂരിനെ വെട്ടിക്കൊലപ്പെടുത്തിയതും കോൺഗ്രസുകാരായിരുന്നു. അപ്പോഴും താങ്കൾ കൊലപാതക രാഷ്ട്രീയത്തിനെതിരായി പ്രതികരിച്ചിരുന്നോ എന്നറിയാൻ താൽപ്പര്യമുണ്ട്. 2015 ആഗസ്ത് ഏഴിനുരാത്രി ചാവക്കാട് തിരുവത്രയിലെ വീട്ടുമുറ്റത്ത് ഉമ്മയുടെ മുന്നിലിട്ടാണ് ഐ ഗ്രൂപ്പുകാർ എ ഗ്രൂപ്പുകാരനായ ഹനീഫയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് നേതാവ് ഗോപപ്രതാപനും സി.എൻ ബാലകൃഷ്ണനുമാണെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. അവർക്ക് നീതി വാങ്ങി നൽകാൻ അന്നത്തെ ആഭ്യന്തരമന്ത്രി തയ്യാറായോ. ഈ കൊലപാതകത്തിനെതിരെ വി.ടി.ബൽറാം പ്രതികരിച്ചിരുന്നോ? കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമെന്ന് അറിയപ്പെടുന്ന തൃശ്ശൂരിൽ നടന്ന ഈ നിഷ്ഠൂര കൊലപാതകങ്ങളിൽ വി.ടി.ബൽറാം എത്ര സാംസ്‌കാരിക നായകരുടെ പ്രതികരണം തേടിയിരുന്നോ??

പ്രിയപ്പെട്ട വി.ടി.ബൽറാം, കൊലപാതക രാഷ്ട്രീയത്തിനെതിരായ താങ്കളുടെ നിലപാട് സത്യസന്ധമെങ്കിൽ തീർച്ചയായും അതിനെ പിന്തുണയ്ക്കുന്നു. പക്ഷെ കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കി സി.പി.ഐ.എമ്മിനെ അപകീർത്തിപ്പെടുത്തുക മാത്രമാണ് താങ്കളുടെ ഉദ്ദേശമെങ്കിൽ അതിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. താങ്കളുടെ അത്തരം നിലപാടിലെ സത്യസന്ധതയില്ലായ്മയാണ് ഇവിടെ ചൂണ്ടി കാണിക്കാൻ ആഗ്രഹിച്ചത്. താങ്കളും സത്യസന്ധമായ ഒരു സ്വയം വിമർശനം മുകളിൽ ചൂണ്ടിക്കാണിച്ച വിഷയങ്ങളിൽ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കെ.റഫീഖ്
സെക്രട്ടറി
ഡി.വൈ.എഫ്.ഐ വയനാട്
ജില്ലാ കമ്മിറ്റിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *