2.0 സംവിധായകന്റെ സിനിമ…..

  • 60
    Shares

ഷാജി കോട്ടയിൽ

ഷങ്കർ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്നു രജനീകാന്ത് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0യിലൂടെ.. കാഴ്ചയുടെ ഉത്സവങ്ങളാണ് ഷങ്കറിന്റെ ഓരോ സിനിമയുടേയും പ്രത്യേകത.വലിയ മുതൽമുടക്കിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദരെ അണിനിരത്തുക വഴിയാണ് ഈ നേട്ടം കൈവരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മുൻകാല സിനിമകൾ ഇപ്പോഴും കാണുന്നവർക്ക് മനസ്സിലാവും…

ലോകമാകെ പതിനായിരം തീയേറ്ററുകളിലായി റിലിസ് ചെയ്ത 2.0 റിലീസിനുമുൻപ് തന്നെ 150കോടിയോളം രൂപയാണ് സാറ്റലൈറ്റ് വിൽപ്പനയൂം,പരസ്യവും മറ്റുമായി നേടിയതെന്നതും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ റെക്കോർഡാണ്…

2.0 Rajinikanth movie review (1)

തന്റെ മുൻകാല ചിത്രങ്ങളിലേത്‌പോലെ സാമൂഹിക പ്രതിബദ്ധതയിലൂന്നി നിന്നുകൊണ്ടുള്ള തിരക്കഥയാണ് സാഹിത്യകാരൻ ജയമോഹനെ കൂട്ടുപിടിച്ച് ഷങ്കർ 2.0യ്ക്ക് വേണ്ടി ഒരുക്കിയത്.അതാവട്ടെ മാതൃചിത്രമായ യന്തിരന്റെ തുടർച്ചയെന്ന നിലയിൽ അത്രകണ്ട് വിജയിച്ചോ എന്നകാര്യത്തിൽ സംശയമുണ്ട്. എന്നിരുന്നാലും സയൻസ് ഫിക്ഷൻ ആക്ഷൻമൂവി എന്ന നിലയിൽ ഹോളിവുഡ് സിനിമകളോട് മത്സരീച്ച് വിജയിക്കാൻ 2.0യ്ക്ക് കഴിയുമെന്ന കാര്യത്തിൽ തർക്കമേയില്ല..

യന്തിരനിലെ ശാസ്ത്രജ്ഞനായ വശീകരനും,അദ്ദേഹത്തിന്റെ തന്നെ സൃഷ്ടിയായ യന്ത്രമനുഷ്യൻ ചിട്ടിയും ചേർന്ന് ചെന്നൈയെ നശിപ്പിക്കാനെത്തുന്ന ദുഷ്ടശക്തിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതുമാണ് സിനിമയുടെ പ്രധാന കഥാതന്തു….

പെട്ടെന്നൊരുനാൾ ചെന്നൈ നഗരത്തിലെ ഉപയോഗത്തിലിരിക്കുന്നതും,കടകളിൽ വിൽക്കാൻ വച്ചിരിക്കുന്നതുമായ സെൽഫോണുകൾ ഒറ്റയടിക്ക് എങ്ങോട്ടോ അപ്രത്യക്ഷമാവുകയും,അതേതുടർന്ന് സെൽഫോൺ ഷോപ്പുടമയും,മൊബൈൽ കോർപ്പറേറ്റ് മുതലാളിയും,തമിഴ്‌നാട് ടെലികോം മന്ത്രിയുമടക്കമുള്ളവർ ദാരുണമായി കൊലചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിനിടയിൽ ഡോ.വസീഗരൻ ചിട്ടിയെന്ന പഴയ യന്ത്രമനുഷ്യനെ റീലോഡ് ചെയ്യുകയും ചിട്ടിയും,ടീമും ചേർന്ന് ആ ദുഷ്ടശക്തിയെ തകർത്ത് തരിപ്പണമാക്കുകയുമാണ്…

വസീഗരൻ,ചിട്ടിയെന്ന യന്ത്രമനുഷ്യൻ,ചിട്ടിയുടെ കുള്ളൻ രൂപമായ 3.0എന്നിങ്ങനെയുള്ള വേഷങ്ങളിലൂടെ ആടിതീർക്കുന്നുണ്ട് ഈ വയസ്സാംകാലത്തും രജനികാന്ത്..ചിട്ടിയുടെ തന്നെ പഴയ വില്ലൻ വേർഷനിലെത്തുമ്പോൾ പ്രത്യേകമാനറിസങ്ങളാൽ കൂടുതൽ കൈയ്യടി നേടുന്നു താരം….

2.0 Rajinikanth movie review (1)

എന്നാൽ റിച്ചാർഡ് എന്ന പക്ഷിശാസ്ത്രജ്ഞനും,പക്ഷിരാജനെന്ന പുനർജ്ജന്മവുമായെത്തുന്ന ബോളിവുഡ് സ്റ്റാർ അക്ഷയകുമാർ ഒരേസമയം നന്മയുടെ പ്രതീകമായും,ക്രൂരനായ കൊലയാളിയായും പൊളിച്ചടുക്കുന്നുണ്ട് സിനിമയിൽ..

ചെറുപക്ഷികളെ ജീവനേക്കാൾ സ്‌നേഹിക്കുകയും,പോറ്റുകയും,അവയെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്യുന്ന ഡോ.റിച്ചാർഡ് സെൽഫോണിന്റേയും,ടവറുകളുടേയും അനിയന്ത്രിതമായ ഉപയോഗം വഴിയുണ്ടാകുന്ന റേഡിയേഷനിലൂടെ ചെറുപക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണെന്ന് കണ്ടെത്തുന്നു.ഈ കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ഒറ്റയാൾ പോരാട്ടത്തിൽ പരാജയപ്പെട്ട് ആത്മഹത്യ ചെയ്യുന്നു…

അമേരിക്കയും,ചൈനയുമടക്കമുള്ള വികസിതരാജ്യങ്ങളിൽ രണ്ടോ,മൂന്നോ മൊബൈൽ കമ്പനികൾ മാത്രം പ്രവർത്തിക്കുമ്പോൾ ഇന്ത്യയിലത്തരം കമ്പനികളുടെ എണ്ണം പത്തിലധികമാണെന്നും,ഒരു നിയന്ത്രണവുമില്ലാതെ ഈ കമ്പനികൾ കെട്ടിപ്പൊക്കുന്ന മൊബൈൽ ടവറുകൾ രാജ്യത്തെ ചെറുജീവജാലങ്ങളെ ദോഷകരമായി ബാധിക്കുന്നതെങ്ങെനെയെന്നും 2.0 തുറന്ന് കാട്ടുന്നു…..

ഭൂമി നമുക്ക് മാത്രമല്ല സ്വന്തമല്ലെന്നും സകല ജീവജാലങ്ങൾക്കും,പരിസ്ഥിതിക്കും കോട്ടംതട്ടാത്ത വിധം പരിപാലിക്കാൻ മനുഷ്യന് ബാധ്യതയുണ്ടെന്നും ഷങ്കർ പറഞ്ഞുവയ്ക്കുമ്പോൾ കൈയ്യടിച്ചംഗീകരിക്കാതിരിക്കാൻ ആവില്ല….
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സെൽഫോണും,നെറ്റുവർക്കുകളും പെട്ടെന്നൊരുനാൾ ഇല്ലാതാവുമ്പോൾ എത്ര അപകടം പിടിച്ച ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നുമുണ്ട് സംവിധായകൻ….
സെൽഫോൺ കൈയ്യിലില്ലാതായപ്പോൾ ബന്ധുക്കളോടും,സുഹൃത്തുക്കളോടും,പേരക്കുട്ടികളോടുമൊക്കെ ഒരുപാട് സംസാരിച്ചുവെന്ന് പറയുന്ന വൃദ്ധൻ പ്രേക്ഷകരെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്….

നിലായെന്ന ലേഡിറോബോർട്ടായെത്തുന്ന ഹോളിവുഡ് താരം ആമിജാക്‌സന്റെ പ്രകടനത്തിന് വലിയ പ്രാധാന്യമൊന്നുമില്ല.അകാലത്തിൽ പൊലിഞ്ഞ കൊച്ചിൻ ഹനീഫയ്ക്കും,കലാഭവൻമണിക്കും തന്റെ നിരവധി സിനിമകളിൽ അവസരം നൽകിയ ഷങ്കർ ആ ഒഴിവിലേക്ക് ഇത്തവണ പരിഗണിച്ചത് കലാഭവൻ ഷാജോണിനെയാണ്… ടെലികമ്മ്യൂണിക്കേഷൻ മന്ത്രി വൈരമുത്തുവായി തമിഴിലേക്കുള്ള അരങ്ങേറ്റം ഷാജോൺ ഗംഭീരമാക്കി….

2.0 Rajinikanth movie review

ഓസ്‌ക്കാർ ജേതാവ് എ.ആർ റഹ്മാനാണ് സംഗീതം. പശ്ചാത്തല സംഗീതത്തിന്റെ മികവ് പരിഗണിച്ചാൽ ആകെയുള്ള രണ്ട് പാട്ടുകളും നന്നായില്ലെന്ന് തന്നെ പറയാം.. നിരവ് ഷായുടെ ക്യാമറ,റസൂൽ പൂക്കുട്ടിയുടെ ശബ്ദലേഖനം,അന്തോണിയുടെ എഡിറ്റിംഗ് എന്നിവ സിനിമയ്ക്ക് മുതൽക്കൂട്ടാവുമ്പോൾ ശ്രീനിവാസ് മോഹന്റെ നേതൃത്വത്തിലുള്ള ആയിരത്തോളം വരുന്ന VFX എക്‌സ്‌പേർട്ട്‌സ് തയ്യാറാക്കിയ വിഷ്വൽ ഇഫക്ടുകൾ അതിഗംഭീരമെന്നേ പറയേണ്ടൂ….

രജനിയുടെ തണുത്ത ഇൻട്രോയും,തിരിച്ചറിയാനാവാതെ പോകുന്ന അക്ഷയ്കുമാറിന്റെ വില്ലൻ പ്രകടനങ്ങളാലും മടുപ്പിക്കുന്ന ആദ്യപകുതിയിൽ നിന്ന് വിത്യസ്ഥമായി ചിട്ടിയും,പക്ഷിരാജാവും തമ്മിലുള്ള പോരാട്ടത്താൽ രണ്ടാം പകുതി കൂടുതൽ രസിപ്പിക്കുന്നുണ്ട്…
സിനിമ കണ്ട് ഇറങ്ങിപ്പോരുമ്പോൾ മാതൃസിനിമയായ യന്തിരന്റെ ആവേശമൊന്നും പ്രേക്ഷകരിൽ കാണുന്നില്ല എന്നത് 2.0യുടെ വിജയത്തിന്റെ മാറ്റ് കുറയ്ക്കുമോ എന്നത് കണ്ടുതന്നെ അറിയണം…..

പിൻകുറിപ്പ്…
ത്രീഡി കണ്ണട വച്ച് കാണുന്നത് നല്ല അനുഭവമെന്ന് കണ്ണട വച്ചും, വയ്ക്കാതെയും (ലേഖകനല്ല) കണ്ടയാളുടെ അനുഭവസാക്ഷ്യം…..Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *