ഒട്ടും പരിചിതമല്ലാത്ത പ്രതികാരവുമായി ‘ഇഷ്ക്’
ഷാജി കോട്ടയിൽ
മലയാളിയുടെ സ്ഥായിയായ സദാചാര ബോധത്തേയും, ആണത്തമെന്നഹങ്കരിക്കുന്ന അല്പത്തത്തേയും വലിച്ച് കീറി ഭിത്തിയിലൊട്ടിക്കുന്ന കാഴ്ചയാണ് ആഘോഷങ്ങളില്ലാതെ തീയേറ്ററുകളിലെത്തിയ ‘ഇഷ്ക്’ എന്ന കൊച്ചുസിനിമ നിറയെ…!
കൊച്ചിയിൽ ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന സച്ചി എന്ന സച്ചിദാനന്ദനും, കോട്ടയത്ത് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ വസുധയും തമ്മിലുള്ള പ്രണയത്തിന്റെ മൂർദ്ധന്യത്തിലൊരു രാത്രിയിൽ ഇരുവരും ചേർന്ന് സച്ചിയുടെ ചുവന്ന സ്വിഫ്റ്റ് കാറിൽ ചുമ്മാ ഒരു ‘റൈഡ്’ നടത്തുകയാണ്…
അനിതരസാധാരണമായ പ്രേമഭാവങ്ങളാൽ സച്ചിയും, വസുധയും പ്രേക്ഷകരും ആനന്ദിക്കുകയും പിന്നീട് ദുരനുഭവങ്ങളുടെ അസഹനീയമായ നിമിഷങ്ങളിലൂടെ അവർക്കൊപ്പം കാണികളും സഞ്ചരിക്കേണ്ടി വരികയാണ് സിനിമയിലുടനീളം…. .
നഗരത്തിലെ പ്രശസ്തമായ ആശുപത്രിയുടെ കാർ പാർക്കിംഗിൽ സല്ലപിച്ചിരിക്കേ അർദ്ധരാത്രിക്ക് ശേഷം സദാചാര ‘പോലിസിം’ഗിന് വിധേയരാകുന്ന കമിതാക്കൾ നേരം വെളുക്കുന്നതോടെ വിട്ടയക്കപ്പെടുന്നതും, പിറ്റേ ദിവസം തന്നെ കാമുകൻ തങ്ങളെ ദ്രോഹിച്ചവരോട് പ്രതികാരം ചെയ്യുന്നതാണ് ഇഷ്കിന്റെ കാതൽ…
പ്രേമവും, വയലൻസും, പ്രതികാരവുമൊക്കെ നിറഞ്ഞ ഒരു സാധാ സിനിമയായി പരിണമിക്കേണ്ടിയിരുന്ന ഈ ചിത്രത്തെ മലയാള സിനിമ ഇന്നോളം അനുഭവിക്കാത്ത ക്ലൈമാക്സ് അടക്കമുള്ള ചില രംഗങ്ങളാൽ ഞെട്ടിക്കുകയാണ് സംവിധായകനും, ടീമും…
രാത്രിയിൽ ഒരു വാഹനത്തിൽ വിരലിലെണ്ണാവുന്ന സമയം കാറിൽ വില്ലനോടൊപ്പം ഒരുമിച്ചിരിക്കേണ്ടി വന്ന കാമുകിയുടെ അവസ്ഥയിൽ നിസ്സഹായനാവുന്ന സച്ചി ഒരുവേള അവളുടെ ചാരിത്ര്യത്തിൽ സംശയിക്കുന്നു വരെയുണ്ട്…
(ഈയടുത്ത കാലത്ത് ഒരു പ്രമുഖ നടിക്ക് നേരിടേണ്ടിവന്ന അക്രമവും ഓർക്കുക)
പക്ഷേ തന്റെ ആണത്തത്തെ സംശയത്തോടെ കാണുന്ന വസുധയുടെ ചോദ്യത്തിൽ നിന്നൂർജ്ജമുൾക്കൊണ്ട് അയ്യാൾ കാട്ടിക്കൂട്ടുന്നവയെല്ലാം ഷെയ്ൻ നിഗമെന്ന മലയാള സിനിമയുടെ യുവത്വം ഗംഭീരമാക്കുന്നു….
അന്യന്റേയും, അയൽപ്പക്കക്കാരന്റെയും സ്വകാര്യതകളിലേക്ക് ഒരുളുപ്പുമില്ലാതെ എത്തിനോക്കി അവരുടെ സദാചാരത്തിന്റെ കണക്കെടുത്ത് നോട്ടീസടിക്കുന്ന സദാചാര സംരക്ഷരുടെ നെഞ്ചത്ത് അവസാനത്തെ ആണിയുമടിക്കുന്നു തിരക്കഥാകൃത്ത് രതീഷ് രവി. .
ഒരുമിച്ച് നടക്കുന്ന സുഹൃത്തിന്റെ അസാനിധ്യത്തത്തിൽ അവന്റെ ഭാര്യയുടേ അഴകളുവകളെക്കുറിച്ച് ചർച്ച ചെയ്യുന്ന കൂട്ടുകാർ ഇന്നിന്റെ കെട്ട കാഴ്ചകളെ തെര്യപ്പെടുത്തുന്നു….
ഒടുക്കം…. .
വസുധയെന്ന കരുത്തയായ സ്ത്രീ കഥാപാത്രം ഉയർത്തുന്ന നടുവിരൽ നമസ്ക്കാരം നമുക്ക് നേരെയാണെന്ന തിരിച്ചറിവ് പ്രേക്ഷകനുണ്ടാവുന്നില്ലെങ്കിൽ ഉറപ്പിച്ചോളു….
നിങ്ങളും ഒരു സദാചാര വാദിയാണ്….
അനുരാജ് മനോഹറെന്ന പുതുമുഖ സംവിധായകൻ മലയാള സിനിമയുടെ മുതൽക്കൂട്ടാണ്. അൻസാർ ഷായുടെ ക്യാമറയും, ബിജോയുടെ സംഗീതവും സിനിമയുടെ ഗ്രാഫ് ഉയർത്തുന്നു. .
സദാചാര പോലീസ് ചമയുന്ന ആൽബിനായി ഷൈൻ ടോം ചാക്കോയും, ജാഫർ ഇടുക്കിയും തർത്തു. ആൽബിന്റെ ഭാര്യയായെത്തുന്ന ലിയോണയും നന്നായി…
ചിത്രത്തിലുടനീളം കാമുകനായും, സൈക്കോ ഭാവഹാദികളോടെ പ്രതികാരം ചെയ്യുന്ന നായകനായും വിലസുന്ന ഷൈൻ നിഗത്തെ ക്ലൈമാക്സിലെ ഒറ്റ രംഗംകൊണ്ട് വസുധയായെത്തുന്ന ആൻ ശീതൾ മറികടക്കുന്നു…. തീയേറ്ററുകളിൽ നിറഞ്ഞോടുന്ന ഉയരേയ്ക്ക് ശേഷം കൃത്യമായി അടയാളപ്പെടുത്തിയ സ്ത്രീപക്ഷ സിനിമയാണ് ഇഷ്ക്…
വെൽഡൺ അനുരാജ് മനോഹർ ആൻഡ് ടീം…
വാൽക്കഷ്ണം…… ‘ഇഷ്ക്… ‘ എന്ന പേരാണ് ഈ സിനിമയുടെ ഏക പോരായ്മ…