പ്രകാശം പരത്തി… ‘ഞാൻ പ്രകാശൻ…’

  • 144
    Shares

ഷാജി കോട്ടയിൽ

ആറടി പൊക്കമില്ല, സിക്‌സ്പാക്ക് ഇല്ല, നല്ല ഡാൻസറല്ലാ, ഒത്ത ശരീരമില്ല, തലയിൽ ആവശ്യത്തിനു മുടിയില്ല. ആകെ അറിയുന്നത് അഭിനയിച്ചു ജീവിക്കാൻ മാത്രം…!!

‘കൈയ്യെത്തും ദൂരത്ത്’ എന്ന ഫാസിൽ ചിത്രത്തിലുടെ മലയാളസിനിമയിലേക്ക് വന്ന്, ഏറെക്കാലം മറഞ്ഞിരുന്ന് തിരിച്ച് വന്ന് സ്വ പ്രയത്‌നത്താൽ പ്രേക്ഷകരെ അതിശയിപ്പിച്ച ഫഹദ് ഫാസിലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പാണ് മേലേ കുറിച്ചത്…

മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ തേടിവന്നതും അഭിനയത്തോട് അയാൾ കാണിക്കുന്ന ആത്മാർത്ഥതയുടെ പ്രതിഫലമായാണ്…

ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും, അതിലേറേ ചിന്തിപ്പിക്കുകയും ചെയ്ത കൂട്ടുകെട്ടാണ് ശ്രീനിവാസൻ-സത്യൻ അന്തിക്കാട് ടീമിന്റേത്…

ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റിൽ ആരംഭിച്ച് സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പൊൻമുട്ടയിടുന്ന താറാവ്, പട്ടണപ്രവേശം, തലയണമന്ത്രം, വരവേൽപ്പ്, സമൂഹം, സന്ദേശം തുടങ്ങിയ എത്ര സൂപ്പർഹിറ്റ് സിനിമകളാണ് മലയാളത്തിന് ഇവർ സമ്മാനിച്ചത്…

Njan-Prakashan-Malayalam-Movie

നീണ്ട പതിനാറ് വർഷത്തിന് ശേഷം വീണ്ടും ഒത്തുകൂടിയ ഈ കൂട്ടുക്കെട്ടിൽ പിറന്ന ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ ഇത്തവണത്തെ ക്രിസ്തുമസ് ചിത്രങ്ങളിൽ മുൻപിൽ തന്നെയുണ്ട്…

ബി എസ്സ് സി നഴ്‌സിംഗ് പഠനം കഴിഞ്ഞ് ജോലിക്ക് പോകാതെ കുടുംബചിലവിൽ ഉഴപ്പി നടക്കുന്ന തനി നാട്ടിൻപുറത്ത്കാരനായ പ്രകാശൻ എന്ന പി ആർ ആകാശിന്റെ ജീവിതമാണ് ഞാൻ പ്രകാശൻ.

പഠിച്ച തൊഴിലിന് മാത്രമല്ല, പ്രകാശനെന്ന പേരിന് പോലും മാന്യതയില്ലെന്ന് ധരിച്ചുവശായ ആളാണ് പ്രകാശൻ… അസൂയയും, ഏഷണിയും കൂടപ്പിറപ്പായ പ്രകാശൻ കൂടെ പഠിക്കുമ്പോൾ പ്രേമിച്ച് ‘തേച്ചിട്ട്’ പോന്ന സലോമിയെ (നിഖില വിമൽ) വീണ്ടും കണ്ടുമുട്ടുന്നതും, ജർമ്മനിയിലേക്ക് നഴ്‌സിംഗ് വിസ ലഭിച്ച സലോമിയെ തന്റെ കാര്യസാധ്യത്തിനായി വീണ്ടും പ്രേമിച്ച് വളയ്ക്കാനുള്ള ശ്രമത്തിനിടെ പ്രകാശനേക്കാൾ ഫ്രോഡായ സലോമി കുടുംബസമേതം പ്രകാശനെ തേച്ചിട്ട് ജർമനിയ്ക്ക് പോകുന്നതുമാണ് സിനിമയുടെ ഒന്നാം പകുതി…

ഇതിനിടെ സലോമിയെ സഹായിക്കാൻ വേണ്ടി വാങ്ങിയ ‘അച്ഛന്റെ ശിഷ്യൻ’ ഗോപാൽജീയുടെ കടം വീട്ടാൻ അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശപ്രകാരം ട്യൂമർ ബാധിച്ച് മരണാസന്നയായ ടീനമോളുടെ (ദേവിക) ഹോംനഴ്‌സായി മാറുകയും, ഒടുവിൽ താൻ ചെയ്യുന്ന ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞ് മിടുക്കനായി തീരുന്നതുമാണ് രണ്ടാം പകുതി…

സംവിധായകന്റെ മുൻചിത്രങ്ങളായ വിനോദയാത്രയിലെ വിനോദിന്റേയും, ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർഥന്റേയും തനിപകർപ്പാണ് പ്രകാശൻ. പക്ഷേ തെളിമയാർന്ന അഭിനയത്താൽ മുൻമാതൃകകളെ നിഷ്പ്രഭമാക്കുന്നുണ്ട് ഫഹദ് ഫാസിൽ…

ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് തട്ടിക്കൂട്ടിയ ആദ്യപകുതിയിൽ കല്ല്യാണസദ്യയിൽ ഇടിച്ചുകയറി വാരിവലിച്ച് കഴിക്കുന്ന മലയാളിയുടെ ശീലങ്ങളേയും, സ്വന്തം നാട്ടിൽ അറിയുന്ന ജോലിചെയ്യാതെ വിദേശത്ത്‌പോയി കക്കൂസ് കഴുകുന്ന യുവത്വത്തേയും, നാട്ടിൻപുറ പൊങ്ങച്ചങ്ങളേയും കണക്കിന് കളിയാക്കുന്നുണ്ട് തിരക്കഥാകൃത്ത് ശ്രീനിവാസൻ. കൂടെ തന്റെ രാഷ്ട്രീയ നിലപാടുകൾ കൃത്യമായി വെളിപ്പെടുത്തുന്നുമുണ്ട്. തൊട്ടുമുൻപേയിറങ്ങിയ സ്വന്തം തിരക്കഥയിൽ നായകനായ ‘പവിയേട്ടന്റെ മധുരചൂരലിലും’ഇതേ നയം തന്നെയാണ് അദ്ദേഹത്തിന്റേത്…മാത്രമല്ല ഇതരസംസ്ഥാന തൊഴിലാളികളുടെ സംഘാടകനും, വിതരണക്കാരനുമായ ഗോപാൽജിയായി തന്റെ പഴയകാല ശ്രീനിവാസൻ മാജിക് പ്രേക്ഷകരെ അനുഭവിപ്പിക്കുന്നുമുണ്ട്…

സ്ത്രീകേന്ദ്രീകൃതമായ കഥാപാത്രങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നതാണ് പ്രകാശന്റെ ജീവിതം….

Njan-Prakashan-Malayalam-Movie

കാമുകിയായ സലോമിയും, രോഗിയായ ടീനമോളും, വിനോദയാത്രയിലെ തന്നെ മീരയുടെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ശ്രുതിയും (അഞ്ജുകുര്യൻ), അമ്മയായെത്തുന്ന സബിതയും, പ്രിൻസിപ്പൽ റേച്ചലും, ലളിതാമ്മയുടെ വേലക്കാരിയും, ഏട്ടത്തിയമ്മയുമൊക്കെ അതാത് അഭിനേതാക്കളാൽ മികച്ചതെന്ന് പറയാം…

പരിചയസമ്പന്നരെ വെല്ലുന്ന പുതുമുഖങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ എടുത്തുപറയേണ്ട രണ്ട്‌പേർ സലോമിയുടെ അച്ഛനുമമ്മയുമായെത്തുന്ന ജയശങ്കറും, രമ്യാസുരേഷുമാണ്…

മനോഹരമായ ഗ്രാമക്കാഴ്ചകളാൽ മനം മയക്കുന്ന എസ്. കുമാറിന്റെ ക്യാമറയും, കെ. രാജഗോപാലിന്റെ എഡിറ്റിംഗും പ്രകാശന്റെ മാറ്റുകൂട്ടുന്നു…

ഓർത്ത് വയ്ക്കാവുന്ന പാട്ടുകളൊന്നുമില്ലെങ്കിലും ബംഗാളി ഞാറ്റടിപ്പാട്ടും, പശ്ചാത്തലസംഗീതവുമൊക്കെ മികച്ചതാണ്…

അടിമുടി പ്രകാശനായി മാറി വിസ്മയിപ്പിക്കുന്നു ഫഹദ്. ശ്രീനിവാസൻഫഹദ് കോംമ്പിനേഷൻ സീനുകൾ ചിരിയുണർത്താൻ പോന്നവയാണ്…

സത്യത്തിൽ ഒന്നാന്തരം പഴകിയ വീഞ്ഞാണ് ശ്രീനിവാസന്റെ തിരക്കഥ. . പക്ഷേ വീഞ്ഞ് പഴകുംതോറും രുചിയേറുമെന്നല്ലേ. അതുകൊണ്ടാവാം സത്യൻ അന്തിക്കാട് അതൊരു പുതിയ കുപ്പിയിൽ നിറച്ച് തന്നപ്പോൾ പ്രേക്ഷകർ സ്‌നേഹത്തോടെ ഏറ്റുവാങ്ങിയത്…Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *