അതിയായ സ്‌നേഹത്തിന്റെ നൊമ്പരക്കാഴ്ചകളുമായ് ‘പേരൻപ്…’

  • 240
    Shares

Shaji Kottayil

ഷാജി കോട്ടയിൽ
4.5/5

 

തങ്കമീൻകൾ, കാട്രത് തമിഴ് തുടങ്ങി സംസ്ഥാന, ദേശീയ പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകൻ റാം രചനയും, സംവിധാനവും നിർവഹിച്ചൊരുക്കിയ പേരൻപ് തിയേറ്ററുകളിൽ റിലീസാവുന്നതിനും ഏറെ മുമ്പ് തന്നെ വിവിധ ദേശീയ, അന്തർദേശീയ ചലചിത്രമേളകളിൽ പ്രദർശിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടിയും, നിരൂപക പ്രശംസയും നേടിയത് വാർത്തകളിലിടം പിടിച്ചിരുന്നു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അമൂല്യബന്ധങ്ങളുടെ അപാരസാധ്യതകളെ തന്മയത്വത്തോടെ തിരശ്ശീലയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. അത്‌കൊണ്ട് തന്നെ സിനിമയുടെ മുഴുവൻ ക്രഡിറ്റും അദ്ദേഹത്തിനവകാശപ്പെട്ടതാണ് താനും….

‘സെറിബൽ പാൾസി’ (മസ്തിഷ്‌ക രോഗം നിമിത്തമുള്ള വികലാംഗത്വം) ബാധിച്ച മകളെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം ഓടിപ്പോയ ഭാര്യയുടെ കത്തിലൂടെയാണ് അമുദൻ എന്ന നിസ്സഹായനായ അച്ഛന്റെ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. അതിന് മുമ്പ് അയാൾ പത്ത് വർഷത്തോളം ഗൾഫിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പന്ത്രണ്ട് അധ്യായങ്ങളിലായി അമുദൻ എഴുതിവക്കുന്ന കുറിപ്പുകളുടെ നറേഷനിലൂടെയാണ് പേരൻപ് തുടങ്ങി അവസാനിക്കുന്നത്…

പ്രത്യേക പരിഗണനയും, ശ്രദ്ധയും ആവശ്യമുള്ള മകൾ അമ്മ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുടുംബത്തിലെ മറ്റുള്ളവർക്ക് ശല്യമായി തീരുമ്പോൾ അമുദൻ മകളെയും കൂട്ടി ദൂരെ പ്രകൃതിസുന്ദരമായ ഒരിടത്ത് താമസം ഉറപ്പിക്കുന്നു. സത്യത്തിൽ അതൊരു ഒളിച്ചോട്ടമാണ്. തിന്മനിറഞ്ഞ മനുഷ്യ ഇടങ്ങളിൽനിന്നും, പ്രകൃതിയുടെ നന്മകളിലേക്ക് മകളേയും കൊണ്ട് ഒളിച്ചോടുകയാണയാൾ. തടാകത്തിൽ, പക്ഷികളിൽ, ആകാശനക്ഷത്രങ്ങളിൽ, എന്തിനേറെ ഒരു വെളുത്ത കുതിരയിൽ പോലും മകളുടെ സന്തോഷങ്ങൾ തിരിച്ചറിഞ്ഞ് ആദ്യം അടുക്കാൻ കൂട്ടാക്കാത്ത മകളെ പതിയ തന്നിലേക്ക് ചേർത്ത് നിർത്തുകയാണ് അമുദൻ. ഏതൊരു പെൺകുട്ടിയെയും പോലെ തന്നെ മകളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും (ആർത്തവമടക്കം) ഒരച്ഛൻ നേരിടുന്ന പ്രതിസന്ധികളുടെ ആകെത്തുകയാണ് പേരൻപ്…

മകളെ പോലെ ആകുവാൻ അവളുടെ ഭാവിചലനങ്ങൾ അനുകരിക്കുന്ന അമുദൻ തന്നോട് വെറുപ്പ് പ്രകടിപ്പിച്ച് കതകടച്ചുറങ്ങുന്ന മകളെ കാണാൻ വീടിനു മുകളിൽ കയറി ചില്ലോടിലൂടെ നോക്കുന്ന കാഴ്ചയും, മകളെ ആകർഷിക്കാനായി നൃത്തം ചെയ്തും, നായയെപ്പോൽ കുരച്ചും, ഒടുവിൽ തോൽവി സമ്മതിച്ചും നിസ്സഹായനാവുന്ന അച്ഛന്റെ നെഞ്ചിടിപ്പുകൾ തിയേറ്റർ വിട്ടിറങ്ങിയാലും നമ്മെ പിന്തുടരും…

പ്രകൃതിയോട് ലയിച്ചുചേർന്ന ജീവിതം കെട്ടിപ്പടുക്കുന്ന അച്ഛനേയും മകളേയും അവിടെ നിന്ന് ഇറക്കി വിടുന്നതും ആർത്തിയും, ചതിയും, വഞ്ചനയുമൊക്കെ ചേർന്ന മനുഷ്യസഹജമായ ഭാവങ്ങളാണ്. ചെന്നൈ നഗരത്തിലേക്ക് പറിച്ചുനടുന്ന പാപ്പായുടേയും അമുദന്റേയും ജീവിതകാഴ്ചകൾ പ്രേക്ഷകനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും.

പ്രകൃതിയും, മനുഷ്യനും, സാഹചര്യങ്ങളുമെല്ലാം ചേർന്ന് തോൽപ്പിക്കാൻ ശ്രമിക്കുമ്പോഴും പലപ്പോഴും നിസ്സഹായനായി പോകുന്നുണ്ടെങ്കിലും മകൾക്കുവേണ്ടി വീണ്ടും, വീണ്ടും പോരാടുന്ന അച്ഛന്റെ റോൾ തന്റെ ആവനാഴിയിലെ സർവ്വ അമ്പുകളും എടുത്ത് ഉജ്ജ്വലമാക്കുന്നു മമ്മൂട്ടി…! ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോഴും അയാൾ ആരെയും ശപിക്കുകയോ വെറുപ്പോടെ നോക്കുക പോലും ചെയ്യുന്നില്ല. വേദനയുടെയും ഒറ്റപ്പെടലിന്റേയും അവസ്ഥകളെ നിശ്ചയദാർഢ്യത്തിന്റെ കരുത്താൽ മറികടക്കുന്നുണ്ട് അയാൾ ഒടുക്കം വരെയും.

അടുത്തകാലംവരെ അതിമാനുഷികതയുടെ അത്യാഡംബരങ്ങളുമായി വെള്ളിത്തിരയിൽ കൊട്ടിഘോഷിക്കപ്പെട്ട മമ്മൂട്ടി എന്ന മഹാനടൻ തന്റെ പൂർവ്വകാല ഭാവാഭിനയത്തിന്റെ മാസ്മരികതകളിലേക്ക് തിരിച്ചു പോകുന്നത് ഏതൊരു ആരാധകനേയും ആനന്ദിപ്പിക്കും, ആഘോഷിപ്പിക്കും. നിശ്ശബ്ദമായ ഭാവാഭിനയത്താൽ സംവിധായകനേൽപ്പിച്ച ഉത്തരവാദിത്വം അനായാസേനയും, ചിലപ്പോഴൊക്കെ കഠിനദ്ധ്വാനത്താലും മമ്മുക്ക ഗംഭീരമാക്കി. പ്രതിഫലം പറ്റാതെയാണ് പേരൻപിൽ അഭിനയിച്ചതെന്ന് അദ്ദേഹം പറയുമ്പോൾ അത് ഇങ്ങനെയൊരു കഥാപാത്രത്തെ തനിക്ക് സമ്മാനിച്ച സംവിധായകൻ റാമിനോടുള്ള കടപ്പാട് കൂടിയായി കണക്കാക്കാം….

കുടുംബത്തിനും, സമൂഹത്തിനും വേണ്ടാത്തവരായി മാറ്റപ്പെടുന്ന വികലാംഗ ജീവിതങ്ങളോടുള്ള സംവിധായകന്റെ നിലപാടാണ് സിനിമയുടെ രാഷ്ട്രീയം. ആ ഇടങ്ങളിലേക്ക് പ്രേക്ഷകരെയും ചേർത്തുനിർത്തുന്നതാണ് ഈ സിനിമയിലെ ഏറ്റവും മനോഹരമായ കാഴ്ച.

പാപ്പ എന്ന സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയായി സാധന അസാമാന്യമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്ന പാപ്പയെ അവതരിപ്പിക്കാൻ സ്വയം സമർപ്പിച്ചിരിക്കുന്നത് സാധന. ഒരുവേള മമ്മൂട്ടിയെ പോലും നിഷ്പ്രഭമാക്കും വിധം ആടിത്തിമർക്കുന്നുണ്ട് സാധന. തനിച്ചിരിക്കേ ഒറ്റമുറിയുടെ ജനാലയിലൂടെ നഗരത്തിലെ ചൂടും, ചൂരും, വിയർപ്പും തിരിച്ചറിയുന്ന പാപ്പായുടെ ഭാവഹാദികൾ അവർ മനോഹരമാക്കുന്നു….

വിജിയെന്ന വേലക്കാരിയായി അഞ്ജലിയും, ട്രാൻസ് നായികയായെത്തുന്ന അഞ്ജലി അമീറും, ഡോക്ടറായെത്തുന്ന സമുദ്രക്കനിയുമെല്ലാം അവരവരുടെ റോളുകൾ ഭംഗിയാക്കി. അഞ്ജലി അമീർ ആവട്ടെ ഒരു പടികൂടി കടന്ന് സ്വജീവിതത്തെത്തന്നെ പകർത്തിവെച്ച് കണ്ണ്‌നനയിക്കുന്നു…

എടുത്ത് പറയേണ്ട രണ്ട് കാര്യങ്ങളിലൊന്ന് തേനി ഈശ്വറിന്റെ ക്യാമറക്കാഴ്ചകളാണ്. മറ്റൊന്ന് യുവൻ ശങ്കർ രാജയുടെ സംഗീതവും. രണ്ടും ഈ ചിത്രത്തിന് നൽകുന്ന മൈലേജ് ലോകോത്തരമാവുന്നുണ്ട് താനും… പുരസ്‌ക്കാരങ്ങളുടെ ഉയരങ്ങളിലേക്ക് ഇവരിൽ ആരെല്ലാം എന്ന് നമുക്ക് കാത്തിരുന്ന് കാണാം…

‘എന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ പറഞ്ഞാൽ നിങ്ങളൊക്കെ എത്ര അനുഗ്രഹിക്കപ്പെട്ടവരാണെന്ന് ബോധ്യമാകും…’ സിനിമയുടെ തുടക്കത്തിൽ നായകൻ പറയുന്ന ഈ വാക്കുകൾ കടമെടുത്താൽ ജീവിതതുരുത്തുകളിൽ ഒറ്റപ്പെട്ടുപോയവരോട് അരിക് ചേർന്ന് നിൽക്കുന്ന സംവിധായകന്റെ സ്വന്തം പേരൻപിനെ ന്യൂനതകളെല്ലാം മറന്ന് ‘മനോഹരം’ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കുന്നു…

ഒന്നുകൂടി…
‘പേരൻപ്’ എന്ന സിനിമ കണ്ടിട്ടില്ലെങ്കിൽ മമ്മൂട്ടിയുടെ ഏറ്റവും നല്ല സിനിമകളിലൊന്ന് നിങ്ങൾ കണ്ടിട്ടില്ലെന്നർത്ഥം…Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *