രണ്ടാമൂഴം കേസിൽ ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോന് തിരിച്ചടി; എംടിയുടെ തിരക്കഥ ഉപയോഗിക്കാനാകില്ല
എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശ്രീകുമാർ മേനോന് തിരിച്ചടി. കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്റെ ആവശ്യം കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു.
തിരക്കഥ ശ്രീകുമാർ മേനോന് ഉപയോഗിക്കാനാകില്ലെന്ന ഉത്തരവ് കോടതി നിലനിർത്തി. നാല് വർഷം മുമ്പ് മൂന്ന് വർഷത്തെ കരാറിലാണ് എംടി ശ്രീകുമാർ മേനോന് രണ്ടാമൂഴം തിരക്കഥ നൽകിയത്. മൂന്ന് വർഷത്തിനുള്ളിൽ സിനിമ പൂർത്തിയാക്കണമെന്നതായിരുന്നു കരാർ. എന്നാൽ ഇക്കാലയളവിൽ പ്രീ പ്രൊഡക്ഷൻ ജോലികൾ പോലും ആരംഭിച്ചില്ല. തുടർന്ന് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് യാതൊരു ചലനവുമില്ലാത്തതിനാൽ എംടി തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുകയായിരുന്നു.