സർക്കാർ… സിനിമയിലെ രാഷ്ട്രീയം…

  • 42
    Shares

ഷാജി കോട്ടയിൽ

അസംഭവ്യമെന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന കഥയെ ആസ്പദമാക്കി വിഖ്യാത തമിഴ് സംവിധായകൻ മുരുകദോസും, ഇളയ ദളപതി വിജയ്‌യും, ടീമും ചേർന്നൊരുക്കിയ തട്ടുപൊളിപ്പൻ തമിഴ് സിനിമ എങ്ങനെയാണ് ഇത്രമേൽ ചർച്ച ചെയ്യുന്നിടത്തേയ്ക്ക് മാധ്യമങ്ങളിലിടം പിടിച്ചെതെന്ന ചോദ്യത്തിന് ‘സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം’ എന്ന് തന്നെയാണ് ഉത്തരം…

ജനപ്രീതിയുടെ കാര്യത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പമോ തൊട്ടു താഴയോ ആണ് വിജയ്‌യുടെ സ്ഥാനം എന്ന കാര്യത്തിൽ ആരാധകർക്കിടയിലും, പൊതുവിലും തർക്കത്തിന് സാധ്യതയില്ല… അടുത്ത കാലത്തിറങ്ങിയ ഈ രണ്ട് നായകരുടേയും ചിത്രങ്ങൾ ചർച്ച ചെയ്തത് ഏതാണ്ടൊരേ വിഷയങ്ങളായിരുന്നുവെന്ന് സൂഷ്മദൃക്കുകൾക്ക് പരിശോധിച്ചാൽ മനസ്സിലാവും… ഉദാ: കബാലി, കാല, കത്തി, മെർസൽ…

ഇതിന് മുൻപ് മുരുഗദോസ് വിജയ് കൂട്ടുകെട്ടിൽ പിറന്ന തുപ്പാക്കി തീവ്രവാദത്തേയും അതിനെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആർമിയേയും ഉയർത്തിക്കാട്ടുന്ന ചലചിത്രമെന്ന നിലയിൽ പരിഗണിക്കുമ്പോൾ തന്നെ കത്തി എന്ന സൂപ്പർ ഹിറ്റ് സിനിമ മുന്നോട്ട് വയ്ക്കുന്ന വിഷയം കോർപ്പറേറ്റ് കമ്പനികളുടെ കടന്ന് കയറ്റവും, കർഷകആത്മഹത്യയും തൊഴിലില്ലായ്മയും, വ്യാപാര അഴിമതിയുമൊക്കെയാണ്…

എന്നാൽ ഇതിനെയൊക്കെ വെല്ലുന്ന പ്രകടനമാണ് മെർസൽ സിനിമയിലൂടെ സംവിധായകൻ ആറ്റ്‌ലിയും, വിജയും ചേർന്ന് പ്രേക്ഷകർക്കും, നിരൂപകർക്കും മുൻപിൽ തുറന്നിട്ടത്…

നോട്ടു നിരോധനത്തെയും, ജി എസ് ടിയെയും, ആരോഗ്യരംഗത്തെ കച്ചവടത്തേയും തുറന്നെതിർത്ത ചിത്രത്തിലെ മാസ്സ് ഡയലോഗുകൾ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ സംസ്ഥാന ഘടകത്തെ പ്രകോപ്പിക്കുകയും, അവർ കൂട്ടമായി താരത്തെ ആക്രമിക്കുകയും ചെയ്തു…

നടന്റെ യഥാർത്ഥ പേര് ജോസഫ് വിജയ് എന്നാണെന്നും ക്രിസ്ത്യാനി ആയതിനാലാണ് അദ്ദേഹം തന്റെ സിനിമകളിലൂടെ കേന്ദ്രസർക്കാരിനേയും, പദ്ധതികളേയും വിമർശിക്കുന്നതെന്നുമുള്ള ആരോപണങ്ങൾക്ക് തമിഴ് സിനിമാലോകവും, ആരാധകരും ഒന്നിച്ച് നിന്ന് പ്രതിരോധിച്ചപ്പോൾ പ്രതിഷേധിച്ചവർക്ക് നാവടക്കേണ്ടി വന്നു…

‘സർക്കാർ…’
പരമ്പരാഗത തട്ടുപൊളിപ്പൻ തമിഴ് സിനിമ…

ഒരു ലോക പ്രശസ്ത മൾട്ടിനാഷണൽ കമ്പനിയുടെ സി ഇ ഒ ആയ സുന്ദർ തന്റെ വോട്ടവകാശം വിനിയോഗിക്കുന്നതിനായി ചെന്നൈയിലെത്തുകയും എന്നാൽ മുന്നേത്തന്നേ കള്ളവോട്ട് ചെയ്തു പോയ സമ്മതിദാനാവകാശം തിരികെ കിട്ടുന്നതിനായി തെരെഞ്ഞെടുപ്പ് ചട്ടങ്ങളിലെ 49-ാം വകുപ്പ് ഉപയോഗിച്ച് കോടതിയിലെത്തുകയും ചെയ്യുന്നു…

ഭരിക്കുന്ന കക്ഷിക്കെതിരേയുള്ള പോരാട്ടത്തെ തുടർന്ന് റീ ഇലക്ഷൻ നടക്കുകയും അതിൽ സുന്ദറും സംഘവും വിജയിച്ച് ഭരണത്തിലെത്തുന്നതുമാണ് കഥാതന്തു… കോർപ്പറേറ്റ് മോൺസ്റ്റർ എന്ന് മറ്റ് കമ്പനിയുടമകൾ ഭയത്തോടെ വിളിക്കുന്ന സുന്ദർ പക്ഷേ തന്നെത്തന്നെ അഭിസംബോധന ചെയ്യുന്നത് കോർപ്പറേറ്റ് ക്രിമിനൽ എന്നാണ്…

ഇടവേളയ്ക്ക് ശേഷം ഏതാണ്ട് ക്ലൈമാക്‌സ് വരെ നീളുന്ന സംഭവ പരമ്പരകൾ കണ്ട് മൂക്കത്ത് വിരൽ വച്ച് പോകും ദോഷൈകദൃക്കുകളായ പ്രേക്ഷകർ… എന്നാൽ എ ആറിന്റെ സംഗീതവും (റഹ്മാൻ മാജിക്കൊന്നും ഒരു പാട്ടിലും ഇല്ല…) റാം ലക്ഷ്മൺ ടീമിന്റെ ആക്ഷനും, ഡാൻസുമൊക്കെ ചേരുംപടി ചേർത്ത് മുരുഗദോസും, ഗിരീഷ് ഗംഗാധരനും(ക്യാമറ), ശ്രീകർ പ്രസാദും (എഡിറ്റിംഗ്) ചേർന്ന് പക്കാ വിജയ് ഫാൻസിനെ ആവോളം ആനന്ദിപ്പിക്കും എന്നതിന് സർക്കാർ നൂറ് ശതമാനം ഗ്യാരണ്ടി…

പ്രതിനായികാ വേഷത്തിലെത്തിയ വരലക്ഷ്മി (കസബ ഫെയിം) യെ മാറ്റി നിർത്തിയാൽ നായിക കീർത്തി സുരേഷും, വില്ലൻമാരായ പാലാ കറുപ്പയ്യയും, രാധാരവിയുമൊക്കെ വിജയ് യുടെ സ്‌റ്റൈലിഷ് ഫെർഫോമൻസിന് മുൻപിൽ നിഷ്പ്രഭമായി പോകുന്നു…

തമിഴ് സിനിമയിലെ രാജാവായിരുന്ന ശിവാജി ഗണേശന് വോട്ടവകാശം നിഷേധിക്കപ്പെട്ട സംഭവമാണ് സിനിമയ്ക്ക് പ്രചോദനമെന്ന് തിരക്കഥാകൃത്തും, പ്രശസ്ത തമിഴ്മലയാളം സാഹിത്യകാരനുമായ ജയമോഹൻ പറയുന്നു.. അത് കാര്യമായെടുത്താലും ശേഷം നടക്കുന്ന കാര്യം അസംഭവനീയമെന്നേ പറയാനാവു…

സിനിമ ഇറങ്ങുന്നതിന് മുൻപേ തുടങ്ങിയ വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്… തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, പുകവലിയെ മഹത്വവത്ക്കരിക്കുന്നു, മുൻ മുഖ്യമന്ത്രി ജയലളിതയേയും, അവരുടെ ജനോപകാരപ്രദമായ നടപടികളേയും, കളിയാക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളുയർത്തി ഭരണകക്ഷിയായ എ ഐ എ ഡി എം കെ അണികൾ തെരുവിലിറങ്ങിയപ്പോൾ വിവാദരംഗങ്ങൾ നീക്കേണ്ടി വന്നത് ഈ ‘സർക്കാരി’ന് ക്ഷീണം ചെയ്തു…

‘ഞാൻ മുഖ്യമന്ത്രി ആയാൽ ഒരിക്കലും മുഖ്യമന്ത്രിയായി അഭിനയിക്കില്ല… നേതാവ് നന്നായാൽ മൊത്തം സിസ്റ്റം തന്നെ നന്നാവും…’

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന സ്‌റ്റേജ് ഷോകളിൽ ഉയർന്ന ചോദ്യങ്ങൾക്ക് വിജയ് നൽകിയ മറുപടിയാണ് മുകളിൽ…

ഒരു കാലത്ത് തമിഴ് സിനിമ നെഞ്ചേറ്റിയിരുന്ന എം ജി ആറും, കരുണാനിധിയും, ജയലളിതയുമൊക്കെ അടക്കിവാണ തമിഴ്‌നാട് സംസ്ഥാന രാഷ്ട്രീയത്തെ ഈ വാക്കുകൾ എത്രമേൽ സ്വാധീനിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം…Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *