ഉണ്ട: വര്‍ത്തമാനത്തിലേക്ക് തുറന്ന് വച്ച കണ്ണാടി

ഷാജി കോട്ടയില്‍:

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ രണ്ട് ദിവസം മുന്‍പ് സവര്‍ണജാതിക്കാര്‍ കൊലപ്പെടുത്തിയ കീഴ്ജാതിക്കാരന്റെ കൊല മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയ്ക്ക് വിധേയമാക്കാതിരുന്നത് ഒരു പക്ഷേ അവര്‍ക്ക് ഒട്ടും താല്‍പ്പര്യമില്ലാത്ത ഒരു രാഷ്ട്രീയം കൊല്ലപ്പെട്ടയാളുടെ പേരിലലിഞ്ഞ് പോയത് കൊണ്ടാവാം….

കേരളത്തിലൊരു ദളിത് പോലീസുകാരന്‍ സഹപ്രവര്‍ത്തകരുടെ ജാതി അധിഷേപങ്ങളില്‍ മനംനൊന്ത് ജോലി വിടാനൊരുങ്ങുന്ന വാര്‍ത്തയും,മേലുദ്ദ്യോഗസ്ഥന്റെ തിട്ടൂരം താങ്ങാനാവാതെ നാടുവിട്ടുപോയ സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ വാര്‍ത്തയും ചര്‍ച്ച ചെയ്തുവരവേയാണ് മഹാനടന്‍ മമ്മൂട്ടിയുടെ ”ഉണ്ട” തീയേറ്ററില്‍ കാണുന്നത്…..

മമ്മുട്ടിയെന്ന ഗ്ലാമര്‍ താരം തന്റെ ആടയാഭരണങ്ങളെല്ലാമഴിച്ചുവെച്ച് ആരേയും അതിശയിപ്പിക്കുന്ന നല്ല നടനായി മാറുന്ന കാഴ്ച്ച ആഹ്ലാദിപ്പിക്കുന്നതാണ്…..

പാട്ടില്ല,ഡാന്‍സില്ല,വളിപ്പ് തമാശകളില്ല,എന്തിന് സിനിമ ആവശ്യപ്പെടുന്ന ഇടത്ത്പോലും കോരിത്തരിപ്പിക്കുന്ന സംഘട്ടനങ്ങളില്ല….

എന്നിട്ടും ഉണ്ട ഒരു നല്ല സിനിമയാവുന്നത് അത് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം തന്നെയാണ്…

പോലിസ് സ്റ്റേഷന്‍ ഒരു നരകമാണെന്നും,അതിനേക്കാള്‍ നല്ലത് ക്യാമ്പിലെ ജീവിതമാണെന്ന് പരിതപിക്കുന്ന എസ്.ഐ മണികണ്ഠന്‍…..

ആദിവാസി ആയത് കൊണ്ട് സഹപ്രവര്‍ത്തകരുടെ കളിയാക്കലുകളും,അധിക്ഷേപങ്ങളും സഹിക്കാനാവില്ലെന്നും ജോലിയില്‍ തുടരുന്നില്ലെന്നും സങ്കടത്തോടെ പറയുന്ന പോലീസ്കാരന്‍…..

ഉത്തരേന്ത്യന്‍  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നമ്മള്‍ വായിച്ചറിഞ്ഞ കഥകള്‍….

മാവോയ്സ്‌റ്റുകളുടേയും പോലീസിന്റേയും ഇടയില്‍പ്പെട്ടുപോകുന്ന ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിലെ നിരക്ഷരരായ ആദിവാസികളുടെ ജീവിതം….

”ഞങ്ങള്‍ അവരുടെ ആളുകളാണെന്ന് പോലീസും,നിങ്ങളുടെ ആളുകളാണെന്ന് മാവോയിസ്റ്റുകളും പറയുന്നു….
ഞങ്ങള്‍ ആരുടേയും ആളുകളല്ല…
ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണ”മെന്ന് കൈകൂപ്പി വിലപിക്കുന്ന കുനാല്‍ചന്ദിന്റെ മുഖം ഇപ്പോഴും ഹൃദയത്തില്‍ തറച്ച് കിടക്കുന്നു….

”പത്ത് വര്‍ഷം മുന്‍പ് രണ്ട് ലക്ഷത്തോളും ആളുകളുണ്ടായിരുന്നു ബസ്തറില്‍….
ഇപ്പോള്‍ പതിനായിരത്തില്‍ താഴെ മാത്രം…
അവരെല്ലാം എവിടെയാണെ”ന്ന കുനാല്‍ചന്ദിന്റെ ചോദ്യം സര്‍ക്കാരിനും,തീവ്രവാദത്തിനുമിടയില്‍പ്പെട്ടുപോകുന്ന പാവപ്പെട്ട ജനതയുടെ ആകുലതകളാണ്….

മലയാളി ജലമുപയോഗിക്കുന്നതിലെ ധൂര്‍ത്തിനെയും ചര്‍ച്ച ചെയ്യുന്നുണ്ട് ഉണ്ട….

കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയുടെ കാതല്‍..
കൈത്തഴക്കം വന്ന സംവിധാനവും….
ഇന്നിന്റെ ആഴത്തിലുള്ള കാഴ്ച്ചകളിലേക്ക് തുറന്ന് വച്ച കണ്ണാടിയാണ് ഉണ്ട….

ഇടയ്ക്കൊക്കെ മമ്മൂട്ടിയെന്ന നടനെ ഇങ്ങനെ കാണാനാവുന്നത് ആഹ്ളാദകരം തന്നെയാണ്…
ഫാന്‍സ്കാര്‍ നിരാശരായിരിക്കും…
അവര്‍ക്ക് വേണ്ടി മാത്രമാവരുതല്ലോ സിനിമ…
പക്ഷേ മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് ഇന്‍സ്പക്ടര്‍ മണികണ്ഠന്‍…..

തിരക്കഥ ഒരുക്കിയ ഹര്‍ഷദ്,ബസ്തറിന്റെ വനഭംഗി ഒട്ടും ചോരാതെ പകര്‍ത്തിയ സജിത് പുരുഷന്‍ എന്നീ തുടക്കകാര്‍ പുതുയുഗമലയാള സിനിമയുടെ മുതല്‍ക്കൂട്ടുകളാണ്…..

പരിചിതരും,അപരിചതരുമായ നിരവധി അഭിനേതാക്കളുണ്ട് ഉണ്ടയില്‍.ഒരാളും നിരാശപ്പെടുത്തുന്നില്ല. കുനാല്‍ചന്ദായെത്തുന്ന ഛത്തീസ്ഗഡിലെ നാടക കലാകാരന്‍ ഓംകാര്‍ ദാസ് മണിക്പുരി സ്വഭാവികമായ അഭിനയം കൊണ്ട് വേറിട്ട് നില്‍ക്കുന്നു….

ഉണ്ടയില്ലാത്ത തോക്കുകളുമായി ഇടുക്കിയിലെ പോലിസ് ക്യാംപില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകേണ്ടിവരികയും, തീര്‍ത്തും അപരിചിതമായൊരിടത്ത് അവര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടേയും നേര്‍കാഴ്ചകളാണ് ഉണ്ട…..

”ഇത് നിന്റെ മണ്ണാണ്….
ചാവാന്‍ നില്‍ക്കരുത്….
ജീവിക്കണം……..”
എന്ന് കുനാല്‍ചന്ദിനോടും മകനോടും ഓര്‍മ്മപ്പെടുത്തി ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കി തിരികെ പോരുന്ന നിസ്സഹായനും,നിസ്സംഗനുമായ,ഒരുവേള ധീരനുമായ മണികണ്ഠന്‍ എന്ന എസ്.ഐ മമ്മുട്ടിയുടെ കൈയ്യില്‍ ഭദ്രം.

വെല്‍ഡണ്‍ ഖാലിദ് റഹ്മാന്‍…….
നക്ഷത്രങ്ങളെ മണ്ണിലൂടെ വഴികാട്ടി നടത്തുന്നതിന്……!Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *