സർക്കാർ സേവനങ്ങൾക്ക് ആധാർ: സുപ്രീം കോടതിയുടെ നിർണായക വിധി നാളെ
സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ചാണ് വിധി പറയുക. 27 ഹർജികളാണ് ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കോടതിയുടെ പരിഗണനയിലുള്ളത്.
ആധാർ ഒരു ധനകാര്യ ബില്ലാണെന്ന കേന്ദ്രസർക്കാർ വാദം കോടതി നേരത്തെ തള്ളിയിരുന്നു. മൊബൈൽ ഫോൺ കണക്ഷൻ ലഭിക്കാൻ ആധാർ വേണമെന്ന് സർക്കാർ തീരുമാനിച്ചത് തങ്ങളുടെ ഉത്തരവ് വേണ്ടവിധം മനസ്സിലാക്കാതെയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി 17ന് തുടങ്ങിയ കേസിലെ വാദം മെയ് 10നാണ് അവസാനിച്ചത്. തുടർന്ന് വിധി പറയാൻ മാറ്റി വെക്കുകയായിരുന്നു.