അഭിനന്ദൻ പിടിയിലായത് പാക്കിസ്ഥാന്റെ എഫ് 16 വിമാനം നശിപ്പിച്ചതിന് ശേഷമെന്ന് വ്യോമസേന
പാക് കസ്റ്റഡിയിലായ ഇന്ത്യൻ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പിടിയിലായത് പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകർത്തതിന് ശേഷമെന്ന് വ്യോമസേന. ഇന്ത്യൻ അതിർത്തി കടന്നുവന്ന പാക് യുദ്ധവിമാനത്തെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്റെ മിഗ് 21 അപകടത്തിൽപ്പെടുന്നതും പാക് അധീന കാശ്മീരിൽ വീഴുന്നതും.
ഫെബ്രുവരി 21ന് രജൗരി മേഖലയിൽ വ്യോമാതിർത്തി ലംഘിച്ചാണ് പാക് യുദ്ധവിമാനങ്ങൾ എത്തിയത്. എട്ട് എഫ് 16, നാല് ജെ എഫ് 17, നാല് മിറാഷ് 5 പോർ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് കടന്നുവെന്നത്. പാക് വിമാനങ്ങൾ നിയന്ത്രണരേഖക്ക് പത്ത് കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് വ്യോമസേന തിരിച്ചടിക്കുന്നത്
ഈ സമയത്ത് മിഗ് 21 ബൈസൺ വിമാനങ്ങളിൽ നിരീക്ഷണ പറക്കൽ നടത്തുകയായിരുന്നു അഭിനന്ദനും മറ്റ് വൈമാനികരും. പാക് വിമാനങ്ങൾ അതിർത്തി കടന്നത് അറിഞ്ഞയുടനെ ഇവർ രജൗരിയിലേക്ക് തിരിക്കുകയും പാക് വിമാനങ്ങളെ ആക്രമിക്കുകയുമായിരുന്നു. പിന്തിരിഞ്ഞ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്റെ വിമാനത്തിന് അപകടം സംഭവിക്കുന്നത്. പക്ഷേ വീഴുന്നതിന് മുമ്പായി പാക്കിസ്ഥാന്റെ എഫ് 16 വിമാനം അദ്ദേഹം തകർക്കുകയും ചെയ്തു.