സിബിഐ തന്റെ ഫോൺ ചോർത്തിയതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ
സിബിഐ തലപ്പത്തെ തർക്കം പുതിയ തലങ്ങളിലേക്ക്. സിബിഐ ഉന്നത ഉദ്യോഗസ്ഥർ തന്റെ ഫോൺ ചോർത്തിയതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആരോപിച്ചു. രാകേഷ് അസ്താനയുമായി അജിത് ഡോവൽ സംസാരിച്ച വിവരങ്ങളും മറ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതിന്റെ വിവരങ്ങളും ചോർത്തിയെന്നാണ് ആരോപണം
സുപ്രീം കോടതിയിൽ സിബിഐ ഡിഐജി മനീഷ് സിൻഹ നൽകിയ ഹർജിയിൽ അജിത് ഡോവലിന്റെയും നിയമ സെക്രട്ടരി സുരേഷ് ചന്ദ്രയുടെയും ടെലഫോൺ വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അലോക് വർമയുടെ നിർദേശപ്രകാരം പല ഉന്നതരയുടെയും ഫോൺ വിവരങ്ങൾ ചോർത്തിയതായി കേന്ദ്രസർക്കാർ കരുതുന്നത്.
സിം ക്ലോണിംഗ് അടക്കമുള്ള ക്രമക്കേടുകൾ നടന്നതായും സംശയം ഉയരുന്നുണ്ട്. നിയമസെക്രട്ടറിയുടെ ഫോണിൽ നിന്ന് സിബിഐയെയും സതീഷ് സേനയെയും വിളിച്ചുവെന്ന് മനീഷ് സിൻഹ നൽകിയ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. ലണ്ടനിൽ നിന്ന് വിളിച്ചുവെന്നാണ് ആരോപണം. എന്നാൽ ഹർജിയിൽ പറയുന്ന സമയത്ത് താൻ ലണ്ടനിൽ ആയിരുന്നില്ലെന്നാണ് സുരേഷ് ചന്ദ്ര വ്യക്തമാക്കിയത്.