നിരപരാധിയെ ക്രിമിനലായി ചിത്രീകരിച്ചു; മാപ്പ് പറയാൻ തയ്യാറാകാത്ത റിപബ്ലിക് ടി വി അടച്ചുപൂട്ടുമെന്ന് ബ്രോഡ്കാസ്റ്റിംഗ് സമിതിയുടെ മുന്നറിയിപ്പ്
നിരപരാധിയെ മോശമായി ചിത്രീകരിച്ച സംഭവത്തിൽ മാപ്പ് പറയാൻ തയ്യാറാകാത്ത അർണാബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനൽ അടച്ചുപൂട്ടുമെന്ന് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അസോസിയേഷന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം നടന്ന ചാനൽ ചർച്ചക്കിടെയാണ് നിരപരാധിയെ സംഘ്പരിവാർ കുഴലൂത്തുകാരായ ചാനൽ മോശക്കാരനായി ചിത്രീകരിച്ചത്.
ജിഗ്നേഷ് മേവാനിയുടെ ഡൽഹി റാലിയെ വിമർശിച്ച് ഗോസ്വാമി നടത്തിയ ചർച്ചക്കിടെയാണ് സംഭവം. ഇതിലൊരാളുടെ മുഖം വട്ടമിട്ട് കാണിച്ച് അദ്ദേഹത്തെ ഗുണ്ടയെന്നും ക്രിമിനലെന്നും വിശേഷിപ്പിച്ചതാണ് പരാതിക്ക് കാരണം. തങ്ങളുടെ റിപ്പോർട്ടറെ ഇയാൾ ആക്രമിച്ചുവെന്നാണ് ഗോസ്വാമി പറഞ്ഞത്. ഇത് തെറ്റെന്ന് വ്യക്തമായതോടെ ചാനലിനോട് മാപ്പ് പറയാൻ നിർദേശിച്ചുവെങ്കിലും ഇത് നിരസിക്കുകയായിരുന്നു
ഇതേ തുടർന്ന് ചാനൽ അടച്ചുപൂട്ടാനും ലൈസൻസ് റദ്ദാക്കാനും ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോട് നടപടിയെടുക്കാൻ എൻ ബി എസ് എ ആവശ്യപെടുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.