5 കോടി ആസ്തിയുള്ള ജയ് ഷായുടെ കമ്പനിക്ക് 97 കോടിയുടെ വായ്പ; അമിത് ഷാ വീണ്ടും കുരുക്കിൽ
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മകൻ ജയ് ഷാ എന്നിവർക്കെതിരെ പുതിയ ആരോപണം. ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വൻതുക വായ്പ ലഭിക്കാൻ ലാഭം കൂട്ടിക്കാണിച്ചതായാണ് റിപ്പോർട്ടുകൾ. കുസും ഫിൻസെർവ് എൽ എൽ പി എന്ന കമ്പനിയാണ് ലാഭം പെരുപ്പിച്ച് കാണിച്ചത്. വായ്പാ തിരിച്ചടക്കാനുള്ള ശേഷിയുണ്ടെന്ന് കാണിക്കുന്നതിനായിരുന്നു തട്ടിപ്പ്. കാരാവൻ മാസികയാണ് വാർത്ത പുറത്തുകൊണ്ടുവന്നത്
ഗുജറാത്തിലെ കാലുപൂർ കൊമേഴ്സ്യൽ കോർപറേറ്റീവ് ബാങ്കിൽ അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങൾ പണയം വെച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2016ൽ ആണിത്. ഇതിൽ കുസും ഫിൻസെർവ് കമ്പനിക്ക് വേണ്ടി 25 കോടി രൂപ വായ്പയെടുത്തു. അതേ വർഷം അഞ്ച് തവണകളിലായി 97.35 കോടി രൂപ രണ്ട് ബാങ്കുകകളിൽ നിന്നായി ജയ് ഷായുടെ കമ്പനി വായ്പയെടുത്തു.
കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടി രൂപയാണ് പുതിയ ബാലൻസ് ഷീറ്റ് പ്രകാരം. ഇത്ര ചെറിയ ആസ്തിയുള്ള കമ്പനിക്കാണ് ഇത്രയും വലിയ തുക വായ്പ ലഭിച്ചിരിക്കുന്നത്. ഈ കമ്പനികളിലെല്ലാം അമിത് ഷായ്ക്ക് പങ്കാളിത്തമുണ്ട്. എന്നാൽ 2017ൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഈ വിവരങ്ങളെല്ലാം മറച്ചുവെച്ചിരുന്നു
മറ്റൊരു ബാങ്ക് തട്ടിപ്പ് കേസാണ് ഇതും. നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയ തട്ടിപ്പ് വീരൻമാരും സമാനമായ രീതിയിലാണ് ബാങ്കിൽ നിന്നും പണം തട്ടിയത്. കമ്പനികളുടെ ലാഭക്കണക്കുകൾ പെരുപ്പിച്ച് കാണിച്ചായിരുന്നു ഇവരും വായ്പ എടുത്തിരുന്നത്. നേരത്തെ ജയ് ഷായുടെ തന്നെ ഉടമസ്ഥതയിലുള്ള ടെമ്പിൾ എന്റർപ്രൈസ് ലിമിറ്റഡ് കമ്പനിയുടെ വിറ്റുവരവിൽ 16,000 മടങ്ങ് വർധനയുണ്ടായതായി വാർത്ത വന്നിരുന്നു. മോദി അധികാരത്തിൽ കയറിയ ശേഷമായിരുന്നു ഈ വർധനവ്