ബെല്ലാരിയിലെ പരാജയത്തിന് പിന്നാലെ ബിജെപി നേതാവ് ഒളിവിൽ പോയി; രക്ഷപ്പെട്ടത് 18 കോടിയുടെ അഴിമതി കേസിൽ കുടുങ്ങുമെന്നുറപ്പായതോടെ
ഖനി മാഫിയ തലവനും ബിജെപിയുടെ നേതാവുമായ ജനാർദ്ധൻ റെഡ്ഡി ഒളിവിൽ പോയി. ബെല്ലാരിയിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് റെഡ്ഡി സഹോദരൻമാരിലെ പ്രമുഖൻ ഒളിവിൽ പോയത്. ബെല്ലാരിയിൽ ബിജെപിയുടെ ശക്തികേന്ദ്രമാണ് റെഡ്ഡി സഹോദരൻമാർ. പണമൊഴുക്കിയാണ് ബിജെപി ഇവിടെ പിടിച്ചുനിന്നിരുന്നത്. എന്നാൽ രണ്ടര ലക്ഷത്തോളം വോട്ടുകൾക്ക് ഇത്തവണ കോൺഗ്രസ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു
പതിനാല് വർഷമായി കയ്യടക്കി വെച്ചിരുന്ന മണ്ഡലം നഷ്ടപ്പെട്ടതിന് പിന്നാലെ 18 കോടിയുടെ കൈക്കൂലി കേസിൽ കുടുങ്ങുമെന്ന് ജനാർദ്ധൻ റെഡ്ഡിക്ക് ഉറപ്പായിരുന്നു. ഇതോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. നിരവധി അഴിമതി കേസുകൾ ബിജെപിയുടെ നേതാവിന് മേലുണ്ട്. യെദ്യൂരപ്പ മന്ത്രിസഭയുടെ കാലത്ത് അംബിഡന്റ് ഗ്രൂപ്പ് എന്ന കമ്പനി മുതലാളിക്ക് ജാമ്യം ലഭിക്കുന്നതിനായി 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.