ഗോവധത്തിന് ബുലന്ദ്ഷർ പോലീസ് കേസെടുത്തു, രണ്ട് കുട്ടികളും പ്രതികൾ; കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥനെ കുറിച്ച് മുഖ്യമന്ത്രിക്കും പ്രതികരണമില്ല
ബുലന്ദ്ഷറിൽ സംഘപരിവാർ ക്രിമിനലുകൾ നടത്തിയ പശുകലാപത്തിന് കാരണമായ പശുക്കളുടെ മാംസാവിശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസ്. പോലീസുദ്യോഗസ്ഥനായ സുബോധ് കുമാറിനെ പശുകലാപത്തിന്റെ മറവിൽ കൊന്ന ബജറംഗ് ദൾ നേതാവ് യോഗേഷ് രാജിന്റെ പരാതിയിലാണ് ഏഴ് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികളിൽ 11ഉം, 12ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. റ്റൊരാൾ ഹരിയാനയിലെ ഫരീദാബാദിൽ ജീവിക്കുന്നയാളാണ്. മറ്റു മൂന്ന് പേരെ നാട്ടുകാർക്ക് പോലും അറിയില്ല. രണ്ട് കുട്ടികളെ വരെ പോലീസ് പ്രതി പട്ടികയിൽ ചേർത്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. നാല് മണിക്കൂറോളം കുട്ടികളെ സ്റ്റേഷനിൽ പിടിച്ചുവെക്കുകയും ചെയ്തു.
പശു ചത്തതിന്റെ പേരിൽ ശബ്ദമുയർത്തുകയും ശക്തമായ നടപടിക്ക് നിർദേശം നൽകുകയും ചെയ്ത ബിജെപി നേതാവായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പക്ഷേ സുബോധ് കുമാറിന്റെ വധത്തിൽ നിശബ്ദത പാലിക്കുകയാണ്. കലാപം സംഘപരിവാർ ക്രിമിനലുകൾ സൃഷ്ടിച്ചതാണെന്നും അവരുടെ ലക്ഷ്യം സുബോധ്കുമാറിന്റെ വധമായിരുന്നുവെന്നും വ്യക്തമായിട്ടും ഇതേ കുറിച്ച് ബിജെപി നേതാവായ മുഖ്യമന്ത്രി വാ തുറന്നിട്ടില്ല. അതേസമയം പശു ചത്ത സംഭവമാണ് അദ്ദേഹത്തെ വേദനിപ്പിച്ചത്.