പ്രതീക്ഷ നിരാശയിലേക്ക് വഴുതിമാറി: ചന്ദ്രയാൻ 2 ലക്ഷ്യം കണ്ടില്ല, വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാൻ 2ന് ലക്ഷ്യം കാണാനായില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടത്തുനിന്ന് വിക്രം ലാൻഡർ മുൻനിശ്ചയിച്ച പാതയിൽ നിന്നും തെന്നിമാറി. പ്രതീക്ഷയോടെ കാത്തിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാരെ നിരാശയിലേക്ക് വീഴ്ത്തി ദൗത്യം ലക്ഷ്യം കാണാനാകാതെ പോകുകയായിരുന്നു
ബംഗളൂരു ഐഎസ്ആർഒ കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ചന്ദ്രയാൻ 2ന്റെ വിജയത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ചന്ദ്രനിൽ നിന്നും ഏറ്റവും കുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോഴാണ് ഇറങ്ങുന്നതിനുള്ള കമാൻഡ് ലാൻഡറിന് നൽകിയത്. പത്ത് മിനിറ്റു കൊണ്ട് ചന്ദ്രന് 7.4 കിലോമീറ്റർ അടുത്തേക്ക് റഫ് ലാൻഡിംഗിലൂടെ ലാൻഡറിനെ താഴ്ത്തി
ലാൻഡറിനെ കുത്തനെ താഴെയിറക്കാനുള്ള ഘട്ടത്തിലാണ് സിഗ്നലുകൾ നഷ്ടപ്പെട്ടു തുടങ്ങിയത്. പര്യവേക്ഷണ വാഹനം ചന്ദ്രനിൽ പതിയെ ഇറക്കുന്ന നാലാമത്തെ രാജ്യമാകുകയെന്ന ഇന്ത്യയുടെ സ്വപ്നവും ഇതോടെ തെന്നിമാറുകയായിരുന്നു. സിഗ്നൽ നഷ്ടമായത് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ പ്രധാനമന്ത്രിയുടെ അടുത്തെത്തി വിശദീകരിക്കുകയും ചെയ്തു. നിരാശനായ പ്രധാനമന്ത്രി 1.58ഓടെ ഇസ്ട്രാക്കിൽ നിന്ന് മടങ്ങി.