ഫേസ്ബുക്ക് സൗഹൃദം വിനയായി; യുവതിയിൽ നിന്ന് തട്ടിയെടുത്തത് 16.69 ലക്ഷം രൂപ
ഫേസ്ബുക്ക് സൗഹൃദം മറയാക്കി യുവതിയിൽ നിന്ന് 16.69 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മംഗലാപുരം അത്താവര സ്വദേശി രേഷ്മയിൽ നിന്നാണ് പണം തട്ടിയത്. ഫേസ്ബുക്ക് സുഹൃത്ത് വിദേശത്ത് നിന്നയച്ച സമ്മാനം കൈപ്പറ്റാനായി വ്യാജ കസ്റ്റംസ് ഓഫീസർക്ക് 16.69 ലക്ഷം രൂപ നൽകിയാണ് കബളിപ്പക്കപ്പെട്ടത്
അത്താവരയിലെ സമ്പന്ന കുടുംബാംഗമാണ് രേഷ്മ. ഫേസ്ബുക്ക് അക്കൗണ്ട് വഴി വിദേശിയെന്ന് പരിചയപ്പെടുത്തിയ ജാക്ക് കാൾമാനുമായി ഇവർ സൗഹൃദത്തിലായി. നിരന്തരമായ ചാറ്റിംഗിലൂടെ കാൾമാൻ രേഷ്മയുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.
മേയ് ആദ്യം രേഷ്മക്ക് താൻ വിദേശി നിർമിത കാർ സമ്മാനമായി അയക്കുകയാണെന്ന് ഇയാൾ പറഞ്ഞു. എന്നാൽ രേഷ്മ ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. മെയ് 9ന് കസ്റ്റംസ് ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരാൾ യുവതിയെ വിളിച്ചു. കോൾമാൻ എന്നൊരാൾ വിദേശത്ത് നിന്ന് കാർ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ഇതിന്റെ നികുതിയായി 16,69000 രൂപ കെട്ടണമെന്നുമായിരുന്നു ഫോൺ കോൾ
ആദ്യം ഇവർ നിരസിച്ചെങ്കിലും കസ്റ്റംസ് ഓഫീസർ എന്ന് പരിചയപ്പെടുത്തിയയാൾ വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. നികുതി അടച്ചില്ലെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അറിയിച്ചു. ഇതോടെ രേഷ്മ നെറ്റ് ബാങ്കിംഗ് വഴി പണം കസ്റ്റംസ് ഓഫീസർ പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പിന്നീട് കസ്റ്റംസ് ഓഫീസറെ കുറിച്ചോ കാൾമാനെ കുറിച്ചോ യാതൊരു വിവരവും യുവതിക്ക് ലഭിച്ചില്ല. തുടർന്നാണ് താൻ പറ്റിക്കപ്പെട്ടതായി അറിഞ്ഞത്. ഇതിന് പിന്നാലെ മംഗളൂരു പോലീസിൽ പരാതി നൽകുകയായിരുന്നു