രോഗം മാറ്റാൻ ചുംബനം: വ്യാജ സിദ്ധൻ പിടിയിൽ
ദിസ്പുർ: അസുഖം മാറ്റാനെന്ന വ്യാജേന സ്ത്രീകളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന സ്വയംപ്രഖ്യാപിത ആൾദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചുംബന ബാബ എന്നറിയപ്പെടുന്ന രാം പ്രകാശ് ചൗഹാനാണ് പിടിയിലായത്.
അസമിലെ മോറിഗണിലാണ് സംഭവം. തന്നെ ചുംബിക്കുന്നതിലൂടെ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ എല്ലാ അസുഖങ്ങളും ഭേദപ്പെടുമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. വീടിനുള്ളിൽ തന്നെ സജ്ജീകരിച്ചിരുന്ന ഒരു ക്ഷേത്രത്തിൽ വെച്ചാണ് ഇയാൾ സ്ത്രീകളെ ചുംബിക്കാറുള്ളത്.
വിഷ്ണു ഭഗവാനിൽ നിന്നാണ് തനിക്കീ സിദ്ധി ലഭിച്ചതെന്ന് രാം പ്രകാശ് പറയുന്നു. അന്ധവിശ്വാസങ്ങൾക്ക് കുപ്രസിദ്ധി കേട്ട അസ്സമിലെ ഉൾഗ്രാമങ്ങളിലുള്ള സ്ത്രീകളൊയിരുന്നു ഇയാളുടെ ഇര. ഇയാളുടെ മാതാവാണ് തന്റെ മകന് അത്ഭുത സിദ്ധികളുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയത്. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.