വഴുതനങ്ങ കിലോയ്ക്ക് ലഭിക്കുന്നത് 20 പൈസ മാത്രം; രണ്ടേക്കർ കൃഷിസ്ഥലം നശിപ്പിച്ച് കർഷകന്റെ പ്രതിഷേധം
ബാങ്ക് വായ്പയെടുത്ത് കൃഷി നടത്തിയ വിളയിച്ച ഉത്പന്നങ്ങൾക്ക് അർഹതപ്പെട്ട തുക ലഭിക്കായതോടെ കൃഷി സ്ഥലം നശിപ്പിച്ച് കർഷകന്റെ പ്രതിഷേധം. മഹാരാഷ്ട്ര അഹമ്മദ് നഗർ ജില്ലയിലെ സാകുരി ഗ്രാമത്തിലാണ് സംഭവം. രണ്ട് ലക്ഷത്തോളം രൂപ വായ്പയെടുത്ത് വഴുതനങ്ങ കൃഷിയാണ് രാജേന്ദ്ര ബെവകെ എന്ന കർഷകൻ നടത്തിയത്. എന്നാൽ ഒരു കിലോ വഴുതനങ്ങയ്ക്ക് ഇയാൾക്ക് ലഭിച്ചത് വെറും 20 പൈസ തോതിലാണ്. ഇതോടെയാണ് കൃഷി സ്ഥലം രാജേന്ദ്ര ബെവകെ നശിപ്പിച്ചത്.
രണ്ടേക്കർ സ്ഥലത്താണ് രാജേന്ദ്ര കൃഷി നടത്തിയിരുന്നത്. ആഴ്ചകോളം അധ്വാനിച്ചാണ് വിളവെടുത്തത്. ജലസേചനത്തിനായി പൈപ്പുകളും സജ്ജീകരിച്ചിരുന്നു. വിളയിച്ചെടുത്ത വഴുതനയുമായി നാസിക് മാർക്കറ്റിലും ഗുജറാത്തിലെ സൂറത്തിലും കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ചു. രണ്ടിടത്തും ലഭിച്ചത് കിലോയ്ക്ക് 20 പൈസ വെച്ചായിരുന്നു. കടം വന്ന് തലയ്ക്ക് മൂടിയതോടെ കർഷകൻ ബാക്കിയുള്ള വഴുതന തൈകൾ വേരോടെ പിഴുതെറിയുകയായിരുന്നു
കഴിഞ്ഞ ദിവസം 750 കിലോ ഉള്ളി വിറ്റ കർഷന് ലഭിച്ചത് വെറും 1064 രൂപയാണ്. കിലോയ്ക്ക് ഒരു രൂപ 40 പൈസ മാത്രമാണ് കർഷകന് ലഭിച്ചത്. ഇത് പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്താണ് കർഷകനായ സഞ്ജയ് പ്രതിഷേധിച്ചത്.