600 കോടി അഡ്വാൻസ്; കൂടുതൽ സഹായം നൽകുമെന്ന് പ്രധാനമന്ത്രി ഗവർണറെ അറിയിച്ചു

  • 25
    Shares

ന്യൂഡൽഹി: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി സംബന്ധിച്ച് ഗവർണർ പി സദാശിവം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി. രക്ഷാപ്രവർത്തനം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ യാതൊരു മടിയും കൂടാതെ സമയോചിതമായി സഹായം നൽകിയതായും ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി ഗവർണറെ അറിയിച്ചു.

രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത് തന്റെ നിർദേശാനുസരണം ആയിരുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി നിത്യേന യോഗം ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ഈ യോഗങ്ങളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് സൈനിക സഹായം എത്തിച്ചത്. 40 ഹെലികോപ്റ്റർ, 31 വിമാനം, 182 രക്ഷാ ടീമുകൾ, 18 സൈനിക മെഡിക്കൽ സംഘങ്ങൾ, 58 ദേശീയ ദുരന്തനിവാരണ സേനാ ടീമുകൾ, ഏഴ് കമ്പനി കേന്ദ്ര സായുധ സേന, നേവി, കോസ്റ്റ് ഗാർഡ് കപ്പലുകൾ, 500 ബോട്ടുകൾ എന്നിവ വിന്യസിച്ച് വിപുലമായ രക്ഷാപ്രവർത്തനമാണ് കേന്ദ്രം നടത്തിയത്.

സംസ്ഥാനത്തിന് ഇപ്പോൾ അനുവദിച്ചിട്ടുള്ള 600 കോടി രൂപ അഡ്വാൻസ് മാത്രമാണ്. ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡമനുസരിച്ച് കൂടുതൽ ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. ആഹാരം, ജലം, മരുന്നുകൾ, ധാന്യങ്ങൾ തുടങ്ങിയവയും ആവശ്യാനുസരണം കേരളത്തിൽ എത്തിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗവർണർ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും സന്ദർശിച്ചു. ക്രമസമാധാനത്തെ സംബന്ധിച്ച വിവരങ്ങളും ഗവർണർ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാകുന്ന മുറക്ക് സംസ്ഥാനത്തിന് കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്ന് രാജ്‌നാഥ് സിംഗും ഉറപ്പു നൽകി


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *