ജമ്മു കാശ്മീരിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ്-പിഡിപി-നാഷണൽ കോൺഫറൻസ് സഖ്യം; അൽത്താഫ് ബുക്കാരി മുഖ്യമന്ത്രിയാകും
ജമ്മു കാശ്മീരിൽ പിഡിപിക്കുള്ള പിന്തുണ ബിജെപി ഉപേക്ഷിച്ചതിനെ തുടർന്ന് ഗവർണർ ഭരണത്തിൽ കഴിയുന്ന ജമ്മു കാശ്മീരിൽ സർക്കാരുണ്ടാക്കാൻ മഹാസഖ്യമൊരുങ്ങുന്നു. കോൺഗ്രസ്-നാഷണൽ കോൺഫറൻസ്-പിഡിപി പാർട്ടികൾ തമ്മിൽ സഖ്യമുണ്ടാക്കാൻ ധാരണയായി. മൂന്ന് പാർട്ടികളുടെയും നേതാക്കൾ ഗവർണറെ കണ്ടു. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിന് ബുദ്ധിമുട്ടുണ്ടാകില്ല
പിഡിപിയുടെ അൽത്താഫ് ബുക്കാരി മുഖ്യമന്ത്രിയാകും. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ. രൂപീകരിച്ച കാലം മുതലേ ബദ്ധശത്രുക്കളാണ് പിഡിപിയും നാഷണൽ കോൺഫറൻസും. എന്നാൽ ബിജെപിയെ അകറ്റി നിർത്താൻ ഈ രണ്ട് പാർട്ടികളും ഒന്നിക്കുന്നത് വലിയ രാഷ്ട്രീയ സമവാക്യമാണ് എഴുതുന്നത്.
കഴിഞ്ഞ ജൂൺ മുതൽ ഗവർണർ ഭരണത്തിലാണ് ജമ്മു കാശ്മീർ. 87 അംഗ നിയമസഭയിൽ പിഡിപിക്ക് 28 അംഗങ്ങളും കോൺഗ്രസിന് 12 അംഗങ്ങളും നാഷണൽ കോൺഫറൻസിന് 15 അംഗങ്ങളുമുണ്ട്. ബിജെപിക്ക് 25 അംഗങ്ങളാണ് സഭയിലുള്ളത്.