ജാർഖണ്ഡിൽ ജയ് ശ്രീറാം വിളിപ്പിച്ച് ആൾക്കൂട്ടം മരത്തിൽ കെട്ടിയിട്ട് മർദിച്ച യുവാവ് കൊല്ലപ്പെട്ടു
ജാർഖണ്ഡിൽ ആൾക്കൂട്ടം മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച യുവാവ് മരിച്ചു. 24കാരനായ തബ്രീസ് അൻസാരിയാണ് മരിച്ചത്. മോഷണം ആരോപിച്ചാണ് തബ്രീസിനെ ആൾക്കൂട്ടം മരത്തിൽ കെട്ടിയിട്ട് മർദിച്ചത്.
ഖർസ്വാനിൽ ജൂൺ 18നാണ് തബ്രീസിന് ആൾക്കൂട്ടത്തിന്റെ മർദനമേൽക്കുന്നത്. തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തബ്രീസിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പോലീസ് ജൂൺ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് യുവാവ് മരിച്ചത്.
തബ്രീസിനെ മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അക്രമികൾ പ്രചരിപ്പിച്ചിരുന്നു. താനല്ല മോഷ്ടിക്കാൻ വന്നതെന്നും മറ്റ് രണ്ട് പേരാണെന്നും വീഡിയോയിൽ തബ്രീസ് പറയുന്നത് കാണാം. അപ്പോൾ തബ്രീസിനെ ആൾക്കൂട്ടം ജയ് ശ്രീറാം എന്ന് വിളിപ്പിക്കുന്നതും വീഡിയോയിൽ കാണാം.