കാശ്മീരിലെ ഇടപെടലിൽ നിന്ന് തടയാൻ ആർക്കും സാധിക്കില്ല; പാക് അധീന കാശ്മീരിനെ കുറിച്ചും സംസാരിക്കും: അമിത് ഷാ
ജമ്മു കാശ്മീരിൽ പുതിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ടുവരുന്നതിൽ മോദി സർക്കാരിനെ ആർക്കും തടയാൻ സാധിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കാശ്മീരിനെ കുറിച്ചു പറയുമ്പോൾ താൻ പാക് അധീന കാശ്മീരിനെ കുറിച്ചും സംസാരിക്കും. ആർക്കും അതിൽ സംശയം വേണ്ട.
കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയുമായി അമിത് ഷാ വാക്പോര് നടത്തുകയും ചെയ്തു. പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് നിങ്ങൾ കരുതുന്നില്ലേ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. എന്നാൽ നിങ്ങൾ ചിന്തിക്കുന്നത് പാക് അധീന കാശ്മീരിനെ കുറിച്ചല്ല, എല്ലാ നിയമങ്ങളും ലംഘിച്ച് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കിയതിനെ കുറിച്ചാണെന്ന് ചൗധരി തിരിച്ചടിച്ചു.
കാശ്മീരുമായി ബന്ധപ്പെട്ട രണ്ട് പ്രമേയങ്ങളും ഇന്ത്യൻ ചരിത്രത്തിലെ സുവർണ ലിപികളിൽ എഴുതപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. കാശ്മീരിൽ നിയമങ്ങൾ കൊണ്ടുവരാനുള്ള എല്ലാ അവകാശവും പാർലമെന്റിനുണ്ട്.