രാജ്യത്തെ വിമർശിക്കുന്നത് രാജ്യദ്രോഹ കുറ്റമാകില്ലെന്ന് നിയമ കമ്മീഷൻ
രാജ്യത്തെയോ രാജ്യത്തിന്റെ ഏതെങ്കിലും ദർശനങ്ങളെയോ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കാണാനാകില്ലെന്ന് നിയമ കമ്മീഷൻ. അക്രമത്തിലൂടെയോ നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി നടത്തുന്ന നീക്കങ്ങളാണെങ്കിൽ മാത്രമേ അതിനെ രാജ്യദ്രോഹത്തിന്റെ പരിധിയിൽ കൊണ്ടുവരാനാകു.
സർക്കാരിന്റെ നിലപാടുകളോടോ അഭിപ്രായങ്ങളോടോ ഐക്യപ്പെടാത്തതിന്റെ പേരിൽ ഒരു വ്യക്തിയെയും രാജ്യദ്രോഹിയായി മുദ്ര കുത്താനാകില്ല. സായുധ നീക്കത്തിലൂടെ സർക്കാരിനെ അട്ടിമറിക്കാനായി നടത്തുന്ന പ്രവൃത്തിയോ പരാമർശമോ മാത്രമേ രാജ്യദ്രോഹമായി വിലയിരുത്താനാകു.
അഭിപ്രായ ബഹുസ്വരതയും വിമർശനവും സക്രിയ ജനാധിപത്യത്തിന്റെ നിർണായക ഘടകങ്ങളാണ്. ആരോഗ്യകരമായ വിമർശനങ്ങളും സംവാദങ്ങളും ഉണ്ടാകണമെന്നും കമ്മീഷൻ പറയുന്നു.