രാമക്ഷേത്ര നിർമാണവും മോദി ഫാക്ടറും ഇനി വിലപ്പോകില്ല; 2019ൽ ബിജെപി വിയർക്കും
ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രതീക്ഷക്ക് വിരുദ്ധമായി ബിജെപി തകർന്നടിഞ്ഞിരിക്കുന്നു. മോദി അതിശക്തനെന്നുമുള്ള പ്രചാരണവും രാമക്ഷേത്ര നിർമാണവുമൊക്കെ മറന്ന ജനങ്ങൾ ഓർത്തത് ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടുകളും പെട്രോൾ വിലവർധനവും നോട്ടുനിരോധനവുമൊക്കെ ആയിരുന്നുവെന്നത് ഉറപ്പിക്കുകയാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലത്തിലൂടെ
ബിജെപിക്ക് ഇനി അധികകാലം ഇന്ത്യൻ ജനതയെ പറഞ്ഞുപറ്റിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമാകുകയാണ്. മാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശുന്നത് വ്യക്തമാകുമ്പോൾ ചങ്കിടിപ്പ് വർധിക്കുന്നത് ബിജെപി ക്യാമ്പിലാണ്. നരേന്ദ്രമോദിയെ മുന്നിൽ നിർത്തി പ്രചാരണം നയിച്ചിട്ടും ജയത്തിലേക്ക് എത്താൻ സാധിക്കാതെ പോകുന്നത് ബിജെപിക്ക് വലിയ നാണക്കേട് കൂടിയാണ് സമ്മാനിക്കുന്നത്.
കർഷക പ്രതിഷേധത്തിന്റെ അലയൊലികളാണ് തെരഞ്ഞെടുപ്പിലും കാണാനാകുന്നത്. കോൺഗ്രസിന് വലിയ മാർജിനിലുള്ള വിജയം അവകാശപ്പെടാനാകില്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ വലിയ ആശ്വാസമാണ് രാഹുലിനും സംഘത്തിനും പക്ഷേ ഈ ഫലം നൽകുന്നത്.
ഹിന്ദുത്വ കാർഡ് വീശിയുള്ള ബിജെപിയുടെ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഭൂരിപക്ഷ വോട്ടുകളെ പിടിക്കാനായി ബിജെപി വർഗീയ കാർഡ് ഇറക്കി കളിക്കുമ്പോൾ മറുവശത്ത് മതേതര വോട്ടുകൾ ഒന്നിക്കുന്ന കാഴ്ചയും കാണാനാകുന്നു.