വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകർ, പുതിയ പ്രതിമ ബിജെപി നിർമിക്കും: നരേന്ദ്രമോദി
കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തെമ്മാടിത്തരം കാണിക്കുകയാണെന്ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്രമോദി. അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ അവർ ഈശ്വർ ചന്ദ്ര വിദ്യാസാഗറുടെ പ്രതിമ തകർത്തു. വിദ്യാസാഗറിന്റെ വീക്ഷണത്തോട് പ്രതിജ്ഞാബദ്ധതയുള്ളവരാണ് ഞങ്ങൾ. വിദ്യാസാഗറിന്റെ പ്രതിമ അതേയിടത്ത് ബിജെപി സ്ഥാപിക്കുമെന്നും മോദി പറഞ്ഞു
ഉത്തർപ്രദേശിലെ മൗവിൽ സംസാരിക്കുകയായിരുന്നു മോദി. മുമ്പ് മേദ്നിപൂരിൽ വെച്ച് തന്റെ റാലിക്കിടയിലും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തെമ്മാടിത്തരം കാണിച്ചു. ഇതോടെ തനിക്ക് പ്രസംഗം വെട്ടിച്ചുരുക്കി വേദി വിടേണ്ടി വന്നുവെന്നും മോദി ആരോപിച്ചു.
ചൊവ്വാഴ്ചയാണ് അമിത് ഷായുടെ റോഡ് ഷോ കൊൽക്കത്തയിൽ നടന്നത്. ബിജെപി പ്രവർത്തകർ ഇതിനിടെ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനിടയിലാണ് വിദ്യാസാഗറിന്റെ പ്രതിമ തകർത്തത്. എന്നാൽ സംഭവം തൃണമൂലിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് മോദിയിലൂടെ ബിജെപി നടത്തുന്നത്.