ആറ് മണിക്കൂർ ലൈവ് ഷോയിലൂടെ എൻഡിടിവി കേരളത്തിനായി സമാഹരിച്ചത് 10 കോടി രൂപ
മുംബൈ: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി. കേരളത്തിനായി സഹായം സമാഹരിക്കുന്നതിന് ആറ് മണിക്കൂർ നീണ്ട ടെലിത്തോൺ എന്ന ലൈവ് ഷോ എൻഡിടിവി സംഘടിപ്പിക്കുകയായിരുന്നു. 10 കോടിയിലധികം രൂപയാണ് കേരളത്തിനായി എൻഡിടിവി സമാഹരിച്ചത്.
മുംബൈയിലാണ് ഷോ നടന്നത്. ഇന്ത്യാ ഫോർ കേരള എന്ന ഷോ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ രാത്രി ഒമ്പത് മണിവരെ നീണ്ടുനിന്നു. ഗായകൻ ഹരിഹരൻ ഒരുക്കിയ ഫ്യൂഷൻ സംഗീതവും ഷോയുടെ ഭാഗമായിരുന്നു.
ഉസ്താദ് അംജദ് അലി ഖാൻ, മക്കളായ അമാൻ, അയാൻ, ഗായിക ശിൽപ റാവു, പതിനൊന്നുകാരൻ പെയിന്റർ അരാവ് വർമ എന്നിവരും ഷോയുടെ ഭാഗമായി. മുഖ്യമന്ത്രി പിണറായി വിജയൻ, ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, ശ്രുതി ഹാസൻ തുടങ്ങി നിരവധി പേർ നേരിട്ടും വീഡിയോ കോൺഫറൻസിംഗ് വഴിയും ഷോയിൽ പങ്കെടുത്തു.