സ്വിസ് ബാങ്കിലെ കള്ളപ്പണക്കാരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ
സ്വിസ് ബാങ്കിൽ പണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ പൂർണ വിവരങ്ങൾ 2019 സാമ്പത്തിക വർഷാവസാനത്തോടെ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. സ്വിസ് ബാങ്കിൽ പണം നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അടുത്ത സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എല്ലാ വിവരങ്ങളും ലഭിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും ഗോയൽ പറഞ്ഞു. രാജ്യത്തിന് പുറത്ത് പണം നിക്ഷേപിക്കാൻ ഇന്നാർക്കും ധൈര്യമില്ല. സർക്കാരിന്റെ കഠിന ശ്രമം കൊണ്ടാണിത്.
2018 ജനുവരി ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള വിദേശനിക്ഷേപകരുടെ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും സ്വിറ്റ്സർലാൻഡും തമ്മിൽ ധാരണയിലെത്തിട്ടുണ്ട്. സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപകരുടെ പൂർണവിവരങ്ങൾ വെളിപ്പെടുത്തുമെന്നത് മോദി സർക്കാറിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു