അർബുദരോഗിയായ രണ്ട് വയസ്സുകാരിയുടെ അവസ്ഥ പ്രിയങ്ക അറിഞ്ഞത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഉടനെ സ്വകാര്യ വിമാനത്തിൽ ഡൽഹിയിലെത്തിക്കാൻ ഇടപെട്ടു; കുടുംബത്തെ അനുഗമിച്ച് അസ്ഹറുദ്ദീനും
അർബുദ രോഗബാധിതയായ രണ്ട് വയസ്സുകാരിയെ ഉത്തർ പ്രദേശിൽ നിന്നും സ്വകാര്യ വിമാനത്തിൽ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിക്കാൻ പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ. യുപിയിലെ പ്രയാഗ് രാജിൽ നിന്നുമാണ് കുട്ടിയെ ഡൽഹി എയിംസിൽ എത്തിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രിയങ്കയോട് കോൺഗ്രസ് നേതാക്കൾ അർബുദം ബാധിച്ച് മരണത്തിന്റെ വക്കിലെത്തിയ രണ്ടര വയസ്സുകാരിയെ കുറിച്ച് അറിയിക്കുന്നത്. കമലാ നെഹ്റു ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു.
പ്രയാഗ് രാജിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കുട്ടിയെ ഡൽഹി എയിംസിൽ എത്തിക്കാൻ പ്രിയങ്കയുട സഹായം തേടുകയായിരുന്നു. ഉടനെ കുട്ടിയുടെ കുടുംബത്തെയും ഡൽഹി എയിംസ് അധികൃതരുമായും പ്രിയങ്ക ബന്ധപ്പെടുകയും ചികിത്സ ഉറപ്പാക്കുകയുമായിരുന്നു. കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്ററുമായ മുഹമ്മദ് അസ്ഹറുദ്ദിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും പ്രിയങ്ക കുട്ടിയുടെ കുടുംബത്തോടൊപ്പം അയക്കുകയും ചെയ്തു.