പഞ്ചാബിൽ കുഴൽക്കിണറിൽ കുടുങ്ങിയ രണ്ട് വയസ്സുകാരനെ നാല് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി
പഞ്ചാബിൽ സംഗ്രൂറിൽ കുഴൽക്കിണറിൽ കുടുങ്ങിയ രണ്ട് വയസ്സുകാരനെ നാല് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. 109 മണിക്കൂറാണ് രക്ഷാപ്രവർത്തനത്തിനായി എടുത്തത്. ഫത്തേവീർ സിംഗ് എന്ന രണ്ട് വയസ്സുകാരനാണ് കുഴൽക്കിണറിൽ വീണത്.
ഇന്ന് രാവിലെ അഞ്ചരയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയുടെ കാര്യം ഇപ്പോൾ പറയാനാകില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ജൂൺ 6ന് വൈകുന്നേരമാണ് വീടിന് പുറത്തുള്ള 150 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് കുട്ടി വീണത്.
125 അടി താഴ്ചയിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. സംഭവം നടന്നത് 40 മണിക്കൂറിന് ശേഷമാണ് കുട്ടി ചലിക്കുന്നതായി കണ്ടെത്തിയത്. കുഴൽക്കിണറിലേക്ക് ചെറിയ ക്യാമറ ഇറക്കി വെച്ച് നിരന്തരം കുട്ടിയെ നിരീക്ഷിച്ചു കൊണ്ടിരുന്നു. പൈപ്പുകൾ വഴി ഓക്സിജൻ നൽകുകയും ചെയ്തു. സംസ്ഥാനത്ത് ഇനിയൊരു കുഴൽക്കിണറും തുറന്നു കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് നിർദേശിച്ചിട്ടുണ്ട്.