റഫാൽ രേഖകൾ മോഷ്ടിക്കപ്പെട്ടിട്ടില്ല; നിലപാട് തിരുത്തി അറ്റോർണി ജനറൽ
റഫാൽ രേഖകൾ മോഷണം പോയെന്ന വാദം വിവാദമായതോടെ നിലപാട് തിരുത്തി കേന്ദ്ര സർക്കാർ. രേഖകൾ മോഷണം പോയെന്ന വാദം തെറ്റാണെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. റഫാൽ രഹസ്യ രേഖകളുടെ ഫോട്ടോകോപ്പി ഹർജിക്കാർ ഉപയോഗിച്ചെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും എ ജി നിലപാട് മാറ്റി.
രേഖകൾ മോഷണം പോയെന്ന് സുപ്രീം കോടതിയിൽ വാദിച്ചെന്ന പേരിൽ പ്രതിപക്ഷം വലിയ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അത് തെറ്റാണ്. യഥാർഥ രേഖകളുടെ ഫോട്ടോ കോപ്പി പുന: പരിശോധനാ ഹർജികൾക്കൊപ്പം ഉപയോഗിച്ചെന്നും പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ഈ രേഖകളുടെ ഫോട്ടോ കോപ്പി പുറത്തു പോയെന്നും മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന് വേണുഗോപാൽ പറഞ്ഞു.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്നാണ് എ ജി കേന്ദ്ര സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ വാദിച്ചത്. ദി ഹിന്ദു ദിനപത്രത്തിൽ റിപ്പോർട്ട് ചെയ്ത വാർത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണെന്നും പത്രത്തിനെതിരെ കേസെടുക്കണമെന്നും എ ജി വാദിച്ചിരുന്നു. ഇതാണ് ഇപ്പോൾ എജി തിരുത്തിപ്പറയുന്നത്.