നാഥനില്ലാ കളരിയായി കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ പിൻഗാമിയെ കണ്ടെത്താൻ തിരക്കിട്ട നീക്കം
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെച്ച രാഹുൽ ഗാന്ധി തിരിച്ചുവരവില്ലെന്ന് വ്യക്തമാക്കിയതോടെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കങ്ങൾ പാർട്ടിക്കുള്ളിൽ ശക്തമായി. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാളെ കണ്ടെത്താനാണ് രാഹുൽ ഗാന്ധി നിർദേശിച്ചിരിക്കുന്നത്.
സുശീൽകുമാർ ഷിൻഡെ, മല്ലികാർജുന ഖാർഗെ എന്നിവരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇരുവരും രാഹുലിന്റെ വിശ്വസ്തരാണ്. നെഹ്റു കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ് ഷിൻഡെ. കഴിഞ്ഞ ലോക്സഭാ കക്ഷി നേതാവായിരുന്നു ഖാർഗെ.
യുവാക്കളിലാരെങ്കിലും അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന് തീരുമാനിച്ചാൽ സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരിലാരെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് എത്തും. അടുത്തയാഴ്ച പ്രവർത്തക സമിതി യോഗം ചേരുന്നതിന് മുമ്പ് തന്നെ അധ്യക്ഷനെ സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.