കർഷകർ ചോദിക്കുന്നത് അവകാശമാണ്, അല്ലാതെ സമ്മാനമല്ല; കർഷക റാലിയിൽ രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും
നരേന്ദ്രമോദി സർക്കാരിന്റെ വികലമായ കാർഷിക നയങ്ങൾക്കെതിരെ കർഷകർ പാർലമെന്റിലേക്ക് നടത്തിയ റാലിയിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാക്കളും. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സിപിഐ നേതാവ് ഡി രാജ, ശരദ് യാദവ് തുടങ്ങിയ നേതാക്കൾ റാലിയിൽ അണിനിരന്നു.
കർഷകർ ചോദിക്കുന്നത് അവരുടെ അവകാശമാണെന്നും അല്ലാതെ സൗജന്യ സമ്മാനമല്ലെന്നും കേന്ദ്രസർക്കാരിനോടായി രാഹുൽ ഗാന്ധി പറഞ്ഞു. അതിസമ്പന്നരായ 15 പേരുടെ 3.5 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയ മോദി എന്തു കൊണ്ട് കർഷകർക്ക് ഉപകാരം ചെയ്യുന്നില്ല. ഏറ്റവും കുറഞ്ഞത് അവരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വിലയെങ്കിലും ലഭ്യമാക്കണമെന്നും രാഹുൽ പറഞ്ഞു
അഖിലേന്ത്യാ കിസാൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ഒരു ലക്ഷത്തോളം കർഷകരാണ് പങ്കുചേർന്നത്. വിവിധ മേഖലകളിൽ നിന്നുള്ളവരും കർഷകർക്ക് ഐക്യദാർഢ്യവുമായി റാലിയിൽ പങ്കുചേർന്നു