രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൻറെ പൂർണരൂപം

  • 17
    Shares

ഞാൻ നിങ്ങൾക്ക് പപ്പുവായിരിക്കാം. നിങ്ങൾക്ക് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞു ആക്ഷേപിക്കാം. പക്ഷെ, എന്റെ ഉള്ളിൽ നിങ്ങളോട് ഒരൽപ്പം ദേഷ്യം പോലുമില്ല. കാരണം ഞാൻ കോൺഗ്രസ്സുകാരനാണ്.

നിങ്ങളൊരു രാഷ്ട്രീയ ആയുധത്തിന്റെ ഇരയാണ്. നിങ്ങൾ മാത്രമല്ല അതിന്റെ ഇര. ഇന്ത്യയിൽ ധാരാളം പേർ അതിന്റെ ഇരകളായിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആ അത്ഭുതകരമായ ആയുധത്തിന്റെ പേര് ജുംല സ്‌ട്രൈക്ക് എന്നാണ്. തുടക്കത്തിൽ വലിയ ആശ്ചര്യവും സന്തോഷവുമൊക്കെ നൽകുമെങ്കിലും പിന്നീടത് വലിയ ഞെട്ടലായി മാറും. അതും കഴിഞ്ഞാൽ എട്ടു മണിക്കൂർ നീളുന്ന പ്രസംഗമുണ്ടാകും. ഇതൊക്കെയാണ് അതിന്റെ ലക്ഷണങ്ങൾ. ഈ ജുംല സ്‌ട്രൈക്കിന്റെ ഇരകളാണ് രാജ്യത്തെ കർഷകർ. യുവാക്കളും ദലിതുകളും ന്യൂനപക്ഷങ്ങളും രാജ്യത്തെ സ്ത്രീകളുമൊക്കെ അതിന്റെ ഇരകളാണ്.

പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വാസയോഗ്യമാകണമെന്ന് താങ്കൾ പറഞ്ഞു. ഇന്ത്യ മുഴുവൻ ആവശ്യപ്പെടുന്നതും അത് തന്നെയാണ്. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഒന്നാമത്തെ ജുംല സ്‌ട്രൈക്ക്. രണ്ടു കോടി യുവാക്കൾക്കു ജോലി നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജുംല. 2016 നും 2017 നുമിടയിൽ വെറും നാലു ലക്ഷം യുവാക്കൾക്കാണ് തൊഴിൽ ലഭിച്ചത്. ചൈന 24 മണിക്കൂറിനുള്ളിൽ 50000 യുവാക്കൾക്ക് ജോലി നൽകുമ്പോൾ ബി.ജെ.പി സർക്കാർ അതേസമയത്തിനുള്ളിൽ വെറും 5000 പേർക്കാണ് തൊഴിൽ നൽകിയത്. ജോലി നൽകാമെന്ന് പറഞ്ഞു പ്രധാനമന്ത്രി യുവാക്കളെ വഞ്ചിച്ചു. അദ്ദേഹത്തിന്റെ വാക്കുകളൊന്നും വിശ്വാസയോഗ്യമല്ല. എന്നിട്ട് ചെല്ലുന്നിടത്തൊക്കെ യുവാക്കളോട് പക്കോഡ വിൽക്കാനും പാൻ വിൽക്കാനും പറയുന്നു. രാജ്യത്ത് തൊഴിൽ സൃഷ്ടിക്കുക പിന്നെ ആരാണ്?

ചെറുതും വലുതുമായ ബിസിനസ്സുകൾ, നിർമ്മാണ മേഖല, ഇവയൊക്കെ തൊഴിൽ സൃഷ്ടിക്കുന്ന ഇടങ്ങളാണ്. പക്ഷെ, ബിജെപി സർക്കാർ ചെയ്തതെന്താണ്? ഒറ്റ രാത്രി കൊണ്ട് നോട്ട് നിരോധനം നടപ്പാക്കി. അസംഘടിത തൊഴിൽ മേഖലകളെ നശിപ്പിക്കാൻ അത് കാരണമായി. ഞാൻ സൂറത്തിൽ പോയിരുന്നു. പ്രധാനമന്ത്രി ഞങ്ങളെ വഞ്ചിച്ചു എന്നാണ് സൂറത്തിലെ കച്ചവടക്കാർ എന്നോട് പറഞ്ഞത്.

അവിടെയും അവസാനിച്ചില്ല. ജി.എസ്.ടി എന്ന ആശയം മുന്നോട്ടു വെച്ചത് കോൺഗ്രസ് പാർട്ടിയാണ്. പെട്രോളും ഡീസലും ഉൾപ്പെടുത്തി രാജ്യത്ത് ഒരു നികുതി നടപ്പാക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. ബിജെപിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമൊക്കെ അതിനെ ശക്തമായി എതിർത്തിരുന്നു. ഭരണത്തിൽ വന്നപ്പോൾ ബിജെപി അതിനെ തിരക്കിട്ടു നടപ്പിലാക്കി. മോദിയുടെ ജിഎസ്ടിയുടെ അവസ്ഥ എന്താണ്. അഞ്ചു സംസ്ഥാനങ്ങൾക്ക് അഞ്ചു വ്യത്യസ്ത നികുതിയാണ്. ചെറുകിട കച്ചവടക്കാരുടെ വീടുകളിലേക്ക് ഇൻകം ടാക്‌സുകാരെ പറഞ്ഞയച്ചു. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം താറുമാറാക്കി.

സാധാരണക്കാരായ ആളുകളോട് സംവദിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ല. തന്റെ സുരക്ഷാ വലയത്തിന് പുറത്തുകടന്ന് ചെറുകിട കച്ചവടക്കാരുമായി സംസാരിക്കാനോ കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനോ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. കോട്ടിട്ട പത്തോ പന്ത്രണ്ടോ ബിസിനസ്സുകാരോട് മാത്രമേ അദ്ദേഹം സംവദിക്കുന്നുള്ളൂ. തൊഴിൽ മേഖലയെ മുഴുവനായും നശിപ്പിച്ചിരിക്കുകയാണ് ബിജെപി സർക്കാർ. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. രാജ്യത്തെ ചെറുകിട വ്യവസായികളുടെ പോക്കറ്റിൽ കയ്യിട്ടു കൊണ്ട് അവരുടെ പണം പിടിച്ചു പറിച്ചു ബിജെപി സർക്കാർ. ഈ സത്യത്തെ മാറ്റിമറിക്കുക സാധ്യമല്ല.

പ്രധാനമന്ത്രിയെ വഴിവിട്ട് സഹായിക്കുന്ന പത്തോ പതിനഞ്ചോ ബിസിനെസ്സുകാർക്ക് വേണ്ടിയാണ് അദ്ദേഹം എല്ലാം ചെയ്യുന്നത്. ഇന്ത്യയിലെ ദരിദ്രക്കും ദുർബലർക്കും ഒരിത്തിരി ഇടം പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഹൃദയത്തിൽ നൽകുന്നില്ല. താൻ രാജ്യത്തിൻറെ കാവൽക്കാരനാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. പക്ഷെ, അമിത് ഷായുടെ മകൻ ജയ് ഷാ മൂന്ന് മാസത്തിനുള്ളിൽ തന്റെ വരുമാനം പതിനാറിരട്ടിയോളം വർദ്ധിപ്പിച്ചപ്പോൾ പ്രധാനമന്ത്രി ഒരക്ഷരം പോലും ഉരുവിട്ടില്ല.

യു.പി.എ സർക്കാരിന്റെ കാലത്തു നടന്ന റാഫേൽ വിമാന കരാറിൽ ഒരു വിമാനത്തിന്റെ വില 520 കോടി രൂപ മാത്രമായിരുന്നു. ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം പ്രധാനമന്ത്രി ഫ്രാൻസിൽ പോയി. ആരോടൊക്കെയാണ് ചർച്ച നടത്തിയതെന്നറിയില്ല. മാന്ത്രികതയെന്നോണം ഒരു വിമാനത്തിന്റെ വില 1600 കോടി രൂപയായി മാറി. പ്രതിരോധമന്ത്രി ഇവിടെ ഇരിക്കുന്നുണ്ട്. വിമാനത്തിന്റെ വില എത്രയാണെന്ന് രാജ്യത്തോട് പറയുമെന്നാണ് അവർ ആദ്യം പറഞ്ഞത്. പിന്നീട് അവർ തന്നെ പറഞ്ഞു, ഫ്രഞ്ച് ഗവണ്മെന്റും ഇന്ത്യൻ സർക്കാരും തമ്മിലുള്ള രഹസ്യ ധാരണ പ്രകാരം വിമാനത്തിന്റെ വില വെളിപ്പെടുത്താൻ കഴിയുകയില്ലെന്ന്. ഞാൻ ഫ്രഞ്ച് പ്രസിഡന്റിനെ കണ്ടിരുന്നു. റാഫേൽ വിമാനത്തിന്റെ വില വെളിപ്പെടുത്താൻ പാടില്ല എന്ന എന്തെങ്കിലും കരാർ ഇന്ത്യൻ സർക്കാരുമായി നിലനിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു കരാർ നിലനിൽക്കുന്നില്ല എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നിങ്ങൾക്ക് വേണമെങ്കിൽ മുഴുവൻ ഇന്ത്യക്കാർക്ക് മുമ്പിൽ അത് വെളിപ്പെടുത്താവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ഞാൻ പറയുന്നത് വാസ്തവമാണ്. പ്രധാനമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രതിരോധമന്ത്രി നിർമല സീതാരാമൻ രാഷ്ട്രത്തോട് കളവ് പറഞ്ഞിരിക്കുന്നു. ആരെ സഹായിക്കാനായിരുന്നു അത്? അങ്ങനെ സഹായിക്കേണ്ട എന്ത് ആവശ്യമായിരുന്നു ഉണ്ടായിരുന്നത്? രാജ്യത്തോട് മറുപടി പറയാൻ നിങ്ങൾ ബാദ്ധ്യസ്ഥരാണ്.

ചില ബിസിനസ്സുകാരുമായി പ്രധാനമന്ത്രിക്കുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ചിലവാക്കുന്ന പണത്തിന്റെ അളവിനെ കുറിച്ചും എല്ലാവർക്കും ബോധ്യമുണ്ട്. ആ പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നും എല്ലാവർക്കും മനസ്സിലാവുന്നുണ്ട്. ആ ബിസിനസ്സുകാരിലൊരാൾക്കാണ് റാഫേൽ കരാർ ലഭിച്ചത്. ആയിരക്കണക്കിന് കോടികളാണ് അയാൾ അതിലൂടെ ലാഭമുണ്ടാക്കിയത്. 45000 കോടിയിലധികമാണ് അതിലൂടെ അയാൾ നേടിയത്. ഇതാണ് വസ്തുത. സുരക്ഷാ കാര്യങ്ങൾക്ക് വേണ്ടി നിയമിച്ച പാർലമെൻററി കമ്മിറ്റിയാണോ ഈ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി സഭയിൽ വ്യക്തമാക്കണം. അദ്ദേഹം ചിരിക്കുന്നതെനിക്ക് കാണാനാകും. എന്നാൽ എന്റെ കണ്ണിൽ നോക്കാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ല. കാരണം അദ്ദേഹം ഒരിക്കലും തന്റെ വാക്കുകളോട് സത്യസന്ധത പുലർത്തിയിട്ടില്ല. പ്രധാനമന്ത്രി രാജ്യത്തിൻറെ കാവൽക്കരനല്ല, മറിച്ചു ഗുണഭോക്താവാണെന്നതാണ് വാസ്തവം.

ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശ നയത്തെ കുറിച്ച് സംസാരിക്കാം. പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിന്റെ കൂടെ ഗുജറാത്തിലെ നദിക്കരയിൽ ചുറ്റി നടന്നിരുന്നു. അതേസമയം തന്നെ ആയിരക്കണക്കിന് ചൈനീസ് സൈനികർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭൂപ്രദേശത്തിനുള്ളിലായിരുന്നു. അതിന് ശേഷം ചൈനീസ് പ്രസിഡന്റ് തിരിച്ചു പോയി. എന്നിട്ട് സ്വന്തം സൈന്യത്തെ ഡോകലാമിൽ വിന്യസിക്കുന്നു. നമ്മുടെ സൈനികർ അവരുടെ ശക്തി പ്രകടിപ്പിച്ചു കൊണ്ട് ചൈനീസ് സൈനികരെ നേരിട്ടു. എന്നിട്ടും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി ചൈനയിൽ പോയി. എന്നാൽ ഡോകലാം വിഷയം ഉന്നയിക്കുകപോലുമുണ്ടായില്ല അദ്ദേഹം. പ്രധാനമന്ത്രി സൈന്യത്തെ വഞ്ചിച്ചു.

രാജ്യത്തെ കർഷകർ പ്രധാനമന്ത്രിയോട് പറയുന്നു. പ്രധാനമന്ത്രി, അങ്ങ് വലിയ വ്യവസായികളുടെ 250 കോടിയുടെ കടം എഴുതിത്തള്ളുന്നു. ഞങ്ങളങ്ങയോട് കൈ കൂപ്പി ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ കടം അൽപ്പമെങ്കിലും എഴുതിത്തള്ളൂ. പക്ഷെ ധനമന്ത്രി പറയുന്നു: ഇല്ല, കർഷകരുടെ കടം എഴുതിത്തള്ളുകയില്ല. വലിയ ബിസിനസ്സുകാരുടെ കടം മാത്രമേ എഴുതിത്തള്ളാൻ കഴിയൂ. കർഷകരുടെ മക്കൾ വാഹനങ്ങൾ ഓടിക്കുന്നു. ലോകത്തെല്ലായിടത്തും ഇന്ധനത്തിന് കുറഞ്ഞ വിലയെ ഉള്ളൂ. എന്നാൽ, ഇന്ത്യയിൽ ഇന്ധനത്തിന് പൊള്ളുന്ന വിലയാണ്. കാരണം, പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് ലാഭമുണ്ടാക്കാൻ സഹായിക്കണം.

ഇനി രാജ്യത്തെ സ്ത്രീകളുടെ കാര്യം. ദിവസങ്ങൾക്ക് മുമ്പ് ഇക്കണോമിസ്റ്റ് മാഗസിന്റെ കവർ പേജിൽ പറഞ്ഞത് ഇന്ത്യക്ക് രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെന്നാണ്. ചരിത്രത്തിലില്ലാത്ത വിധം രാജ്യത്ത് കൂട്ടബലാൽസംഗങ്ങൾ അരങ്ങേറുന്നു. രാജ്യത്തുടനീളം ദളിതരും ന്യുനപക്ഷങ്ങളും ആദിവാസികളും അക്രമങ്ങൾക്കിരയാവുന്നു, കൊലചെയ്യപ്പെടുന്നു. ദളിതരും ആദിവാസികളും ന്യുനപക്ഷങ്ങളും ഇന്ത്യക്കാർ തന്നെയല്ലേ? അവരെന്താ ഇന്ത്യയുടെ പൗരന്മാരല്ലേ? അവർക്ക് വേണ്ടി ഒരക്ഷരം ഉരിയാടാൻ രാജ്യത്തിൻറെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പകരം, അദ്ദേഹത്തിന്റെ മന്ത്രിമാർ കൊലപാതകികളെ പൂമാലയിട്ട് സ്വീകരിക്കുന്നു. ഇത്തരം വിരോധാഭാസങ്ങൾ നടക്കുമ്പോൾ തന്റെ ഉള്ളിലിരിപ്പെന്താണെന്ന് പ്രധാനമന്ത്രി രാജ്യത്തോട് വ്യക്തമാക്കണം.

ഇന്ത്യയിലെ ഒരു പൗരൻ ആക്രമിക്കപ്പെടുമ്പോൾ അയാൾ മാത്രമല്ല അതിന് ഇരയാകുന്നത്. മറിച്ചു അംബേദ്കർ വിഭാവനം ചെയ്ത രാജ്യത്തിൻറെ ഭരണഘടന കൂടിയാണ്. നിങ്ങളുടെ മന്ത്രി ഭരണഘടനയെ മാറ്റിയെഴുതുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇന്ത്യ തന്നെയാണ് അക്രമത്തിനിരയാവുന്നത്. ഞങ്ങൾക്കിത് സഹിക്കാവുന്നതിലുമപ്പുറമാണ്.

പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷൻ അമിത് ഷായും രണ്ടു വ്യത്യസ്ത രാഷ്ട്രീയക്കാരാണ്. അധികാരം നഷ്ടപ്പെടുന്നത് അവർക്ക് ചിന്തിക്കാനേ പറ്റാത്ത കാര്യമാണ്. കോൺഗ്രസ്സിന് അധികാരം നഷ്ടപ്പെടുന്നതിൽ യാതൊരു ഭീതിയുമില്ല. പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും ഭയത്തിന്മേലാണ് പ്രവർത്തിക്കുന്നത്. ആ ഭയം ദേഷ്യത്തെ ജനിപ്പിക്കുന്നു. ആ ദേഷ്യം ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലുമുണ്ട്.

നിങ്ങൾ വിചാരിക്കും എനിക്ക് പ്രധാനമന്ത്രിയോട് വെറുപ്പാണെന്ന്. പക്ഷെ, ഞാൻ നിങ്ങളോട് ഹൃദയം തുറന്ന് പറയട്ടെ. പ്രധാനമന്ത്രിയോടും ബിജെപിയോടും ആർഎസ്എസിനോടും നന്ദിയുള്ളവനാണ് ഞാൻ. കോൺഗ്രസ് എന്താണെന്നും ഇന്ത്യക്കാരനാകുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും ഹിന്ദുവായിരിക്കുക എന്നാൽ എന്താണെന്നും എനിക്ക് മനസ്സിലാക്കിത്തന്നത് അവരാണ്. ഞാൻ നിങ്ങൾക്ക് പപ്പുവായിരിക്കാം. നിങ്ങൾക്ക് എന്നോട് ദേഷ്യമുണ്ടായിരിക്കും. നിങ്ങൾക്ക് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞു ആക്ഷേപിക്കാം. പക്ഷെ, എന്റെ ഉള്ളിൽ നിങ്ങളോട് ഒരൽപ്പം ദേഷ്യം പോലുമില്ല. കാരണം ഞാൻ കോൺഗ്രസ്സുകാരനാണ്. കോൺഗ്രസ്സ് ആണ് ഈ രാജ്യത്തെ കെട്ടിപ്പടുത്തത്. അത് നിങ്ങൾ മറക്കരുത്.’

പരിഭാഷ: ഇർഫാൻ ആമയൂർNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *