രാഹുൽ ഗാന്ധിയും യെച്ചൂരിയും ഇന്ന് കാശ്മീരിലേക്ക്; യാത്ര ഒഴിവാക്കണമെന്ന് കാശ്മീർ ഭരണകൂടം
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്ന് കാശ്മീർ സന്ദർശിക്കും. സിപിഐ സെക്രട്ടറി ഡി രാജ, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആർ ജെ ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് നേതാക്കളുടെ സംഘമാണ് കാശ്മീർ സന്ദർശിക്കുക
കാശ്മീർ ഗവർണർ സത്യാപാൽ മാലികിന്റെ വെല്ലുവിൡസ്വീകരിച്ചാണ് രാഹുലിന്റെ യാത്ര. തങ്ങൾ വിമാനം അയക്കാം കാശ്മീരിലേക്ക് നേരിട്ട് വന്ന് യാഥാർഥ്യം കാണു എന്നായിരുന്നു സത്യപാൽ മാലികിന്റെ വാക്കുകൾ. വിമാനമൊന്നും വേണ്ട സഞ്ചാര സ്വാതന്ത്ര്യം മതിയെന്നായിരുന്നു ഇതിനോട് രാഹുലിന്റെ മറുപടി
എന്നാൽ നേതാക്കളുടെ യാത്ര ഒഴിവാക്കണമെന്ന് കാശ്മീർ ഭരണകൂടം ഇപ്പോൾ പറയുന്നത്. നേതാക്കളുടെ സന്ദർശനം നിലനിൽക്കുന്ന സമാധാനത്തെയും സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തെയും സാരമായി ബാധിക്കുമെന്ന് ഭരണകൂടം പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു
താഴ് വരയിലെ പല സ്ഥലങ്ങളിലായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ലംഘനമായിരിക്കും രാഷ്ട്രീയ നേതാക്കളുടെ സന്ദർശനമെന്നും ഭരണകൂടം പറയുന്നു.