സൗജന്യ ഇൻഷുറൻസ് പരിരക്ഷ റെയിൽവേ നിർത്തലാക്കുന്നു
ന്യൂഡൽഹി: ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി റെയിൽവേ അവസാനിപ്പിക്കുന്നു. സെപ്റ്റംബർ ഒന്നു മുതൽ പദ്ധതിയുണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇൻഷുറൻസ് വേണമോയെന്ന് യാത്രക്കാർക്ക് തെരഞ്ഞെടുക്കാമെന്ന രീതിയിലാണ് പരിഷ്കാരം നടപ്പാക്കുന്നത്.
യാത്രക്കിടെ മരണം സംഭവിച്ചാൽ ഐആർസിടിസി പത്ത് ലക്ഷം രൂപ ഇൻഷുറൻസ് തുക നൽകിയിരുന്നു. അപകടത്തെ തുടർന്ന് വൈകല്യമുണ്ടായാൽ 6.5 ലക്ഷം രൂപയും പരുക്കേറ്റാൽ രണ്ട് ലക്ഷം രൂപയുമാണ് നൽകിയിരുന്നത്. ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച പുതിയ ഉത്തരവ് രണ്ട് ദിവസങ്ങൾക്കകം പുറത്തിറങ്ങും
ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2017 ഡിസംബറിലാണ് ഐആർസിടിസി സൗജന്യ യാത്രാ ഇൻഷുറൻസ് നൽകിത്തുടങ്ങിയത്. സെപ്റ്റംബർ ഒന്നിന് ശേഷം വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ആവശ്യമുണ്ടെങ്കിൽ മാത്രം തിരഞ്ഞെടുക്കാം