രാജീവ് വധത്തിൽ പങ്കില്ലെന്ന് എൽ ടി ടി ഇ; ഇന്ത്യയും തങ്ങളും തമ്മിലുള്ള ബന്ധം തകർക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് രാജീവ് വധമെന്നും എൽ ടി ടി ഇ
ഇന്ത്യൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിൽ പങ്കില്ലെന്ന് ശ്രീലങ്കയിലെ വിമത സായുധ വിഭാഗമായ എൽ ടി ടി ഇ. സംഘടനയുടെ രാഷ്ട്രീയ വിഭാഗം പ്രതിനിധി കുർബുരൻ ഗുരുസ്വാമി, നിയമവിഭാഗം പ്രതിനിധി ലത്തൻ ചന്ദ്രലിംഗം എന്നിവർ ഒപ്പുവെച്ച കത്തിലാണ് ഇക്കാര്യമുള്ളത്.
രാജീവ് വധത്തിൽ പങ്കില്ലെന്ന് തെളിവുകൾ നിരത്തി നേരത്തെയും പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ ആരോപണം തുടർന്നും നിലനിൽക്കുന്നതിനാലാണ് വീണ്ടും വ്യക്തമാക്കുന്നതെന്ന് കത്തിൽ പറയുന്നു. മുല്ലിവെക്കലിൽ 1,50,000 ആളുകൾ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് രാജീവ് ഗാന്ധിയെ വധിച്ചതെന്ന പ്രസ്താവനകൾ വേദനിപ്പിക്കുന്നതാണെന്നും എൽ ടി ടി ഇ പറയുന്നു
ശ്രീലങ്കക്കാരല്ലാത്ത ആർക്കുമെതിരെ തങ്ങൾ തോക്കുയർത്തിയിട്ടില്ല. ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെയോ ഇന്ത്യക്കാരെയോ ആക്രമിച്ചിട്ടില്ല. ഇന്ത്യൻ സർക്കാരും എൽ ടി ടി ഇയും തമ്മിലുണ്ടായിരുന്ന ശക്തമായ ബന്ധം തകർക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് രാജീവ് ഗാന്ധി വധമെന്നും കത്തിൽ ആരോപിക്കുന്നു.