അവർ കരഞ്ഞുനിലവിളിക്കുമ്പോഴും സെൽഫി ഭ്രമം മാറിയില്ല; പൊലിഞ്ഞത് മൂന്ന് ജീവനുകൾ
റോഡിൽ മൂന്ന് ജീവനുകൾ ചോരയിൽ കുളിച്ച് കിടക്കുമ്പോഴും സെൽഫി എടുത്ത് കളിക്കുന്നതിന്റെ തിരക്കിലായിരുന്നു ഒരു യുവാവ്. രാജസ്ഥാനിലെ ബാർമറിലാണ് മനസ്സാക്ഷിയെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള സംഭവം. ബൈക്ക് അപകടത്തെ തുടർന്ന് മൂന്ന് പേർ റോഡിൽ അതീവ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴായിരുന്നു യുവാവിന്റെ സെൽഫി പ്രേമം
തങ്ങളെ ഒന്ന് രക്ഷപ്പെടുത്തുവെന്ന് റോഡിൽ കിടക്കുന്നവർ വിളിച്ചുപറയുമ്പോഴും സെൽഫി വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു യുവാവ്. ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരാൾ സംഭവസമയത്ത് തന്നെ മരിച്ചു. ബാക്കി രണ്ട് പേർ ചോരയിൽ കുളിച്ച് ജീവന് വേണ്ടി യാചിക്കുമ്പോഴാണ് അതുവഴി കടന്നുപോയ യുവാവ് ഫോൺ കയ്യിലെടുത്ത് ഷൂട്ടിംഗ് ആരംഭിച്ചത്
താനെടുത്ത വീഡിയോയും ചിത്രങ്ങളും ഇയാൾ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതിൽ നിന്നാണ് പരുക്കേറ്റ് കിടക്കുന്ന യുവാക്കൾ നിലവിളിക്കുന്നതും രക്ഷപ്പെടുത്താൻ ആവശ്യപ്പെടുന്നതുമായി കാണുന്നത്. യുവാവിന്റെ സെൽഫിയെടുക്കലിനിടയിൽ തന്നെ ബാക്കിയുള്ള രണ്ട് പേരും മരിക്കുകയും ചെയ്തു.