സ്റ്റേഷൻ മാസ്റ്റർ കുടിച്ച് പൂസായി; ട്രെയിൻ ഗതാഗതം താറുമാറായി
ഇന്ത്യൻ റെയിൽവേയെ നാണം കെടുത്തി മറ്റൊരു വാർത്തയും. ജോലിക്കിടെ സ്റ്റേഷൻ മാസ്റ്റർ മദ്യപിച്ച് ലക്കുകെട്ടതോടെ ട്രെയിൻ ഗതാഗതം തന്നെ താറുമാറായി. ഉത്തർപ്രദേശിലെ മുർഷദ്പൂരിലാണ് സംഭവം.
സ്റ്റേഷൻ മാസ്റ്ററായ ദീപ് സിംഗിനെ ജോലിക്കിടെ പെട്ടെന്ന് കാണാതാകുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന ദീപ് സിംഗിനെ കണ്ടെത്തി. സ്റ്റേഷൻ മാസ്റ്റർ പച്ചകൊടി കാണിക്കാതെ വന്നതോടെ ട്രെയിനുകൾ മുർഷദ്പൂരിൽ നിർത്തിയിടാൻ നിർബന്ധിതരാകുകയായിരുന്നു.
ഏറെ സമയം വണ്ടികൾ ഇങ്ങനെ പിടിച്ചിടേണ്ട ഗതികേടായതോടെ പുതിയ സ്റ്റേഷൻ മാസ്റ്ററെ അടക്കം അധിക സ്റ്റാഫിനെ സ്ഥലത്ത് എത്തിച്ചാണ് റെയിൽവേ പ്രശ്നം പരിഹരിച്ചത്. അപ്പോഴേക്കും എക്സ്പ്രസ് ട്രെയിനുകൾ അടക്കം നിരവധി വണ്ടികൾ വൈകിയിരുന്നു
വൈദ്യപരിശോധനയിൽ ദീപ് സിംഗിന്റെ ശരീരത്തിൽ അമിതമായ തോതിൽ മദ്യത്തിന്റെ അളവ് കണ്ടെത്തി. ഇയാൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു