നിങ്ങളാരും വാദം കേൾക്കാൻ അർഹരല്ലെന്ന് ചീഫ് ജസ്റ്റിസ്; സിബിഐ കേസ് മാറ്റിവെച്ചു
സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയതിനെതിരെ അലോക് വർമ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. നിങ്ങളാരും വാദം കേൾക്കാൻ അർഹരല്ലെന്ന് സുപ്രീം കോടതി സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. അസാധാരണ സംഭവങ്ങളാണ് കോടതിയിൽ നടന്നത്.
അലോക് വർമ തന്റെ ന്യായീകരണം മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇത് ചോർന്ന് മാധ്യമങ്ങളിൽ വന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. വിവരങ്ങൽ എങ്ങനെ ചോർന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ചോദിച്ചു. നിങ്ങളാരും വാദം കേൾക്കാൻ അർഹരല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് നവംബർ 29ലേക്ക് മാറ്റിവെച്ചത്.
അതീവ രഹസ്യ സ്വഭാവമുള്ളതെന്ന് സുപ്രീം കോടതി തന്നെ വിശേഷിപ്പിച്ച രേഖകളാണ് ചോർന്നത്. അനധികൃതമായാണ് രേഖകൾ ചോർന്നതെന്ന് അലോക് വർമക്ക് വേണ്ടി ഹാജരായ ഫാലി എസ് നരിമാൻ പറഞ്ഞു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഉടൻ തന്നെ ചീഫ് ജസ്റ്റിസ് നരിമാനെ കാണിക്കുകയും ചെയ്തു.