മുൻ കേന്ദ്രമന്ത്രി സ്വാമി ചിൻമയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെൺകുട്ടിയെ ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവ്
മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ നേതാവുമായ സ്വാമി ചിൻമയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ കാണാതായ നിയമവിദ്യാർഥിനിയെ രണ്ടര മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവ്. പെൺകുട്ടിയെ വീട്ടിൽ എത്തിക്കുന്നതിന് മുമ്പ് സുപ്രീം കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയത്.
കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അഭിഭാഷകർ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ജസ്റ്റിസ് ആർ ഭാനുമതി അടങ്ങിയ ബഞ്ച് കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകിയത്.
കോളജ് ഡയറക്ടർ കൂടിയായ സ്വാമി ചിൻമയാനന്ദ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിന് പിറ്റേ ദിവസം മുതൽ ഇവരെ കാണാതാകുകയായിരുന്നു.